തിരുവനന്തപുരം: നാല് പതിറ്റാണ്ടായി തീര്‍പ്പാക്കാനാകാത്ത ലോങ് പെന്‍ഡിങ് കേസ് ആയ ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പിനെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ നിജസ്ഥിതി അറിയണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബ്രൂണൈയില്‍ സുകുമാരക്കുറുപ്പിനോട് സാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്ത കേവലം അഭ്യൂഹം മാത്രമാണെന്നും സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈംബ്രാഞ്ച് എഡിജിപിയോടും ഡിവൈഎസ്പി എച്ച്. വെങ്കിടേഷിനോടും നിര്‍ദേശിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി.
കേസിന്റെ തുടര്‍ നടപടികള്‍ക്കായി കേരള പൊലീസ് ഇന്റര്‍പോളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു. ചാക്കോ വധക്കേസില്‍ അലി അക്ബറിന്റെ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു എന്ന ആരോപണത്തെ അദേഹം പൂര്‍ണമായും തള്ളിക്കളഞ്ഞു. വയലാര്‍ രവി ആഭ്യന്തര മന്ത്രിയായിരുന്ന കാലം മുതല്‍ നിലനില്‍ക്കുന്ന കേസാണിതെന്നും ഇനി ഇതില്‍ പ്രത്യേകമായി ഒന്നും പൂഴ്ത്തിവയ്ക്കാനില്ലെന്നും അദേഹം പ്രതികരിച്ചു.
സംസ്ഥാനത്ത് നടപ്പാക്കിയ ലഹരി വിരുദ്ധ വേട്ടയായ ഓപ്പറേഷന്‍ തൂഫാന്‍ വന്‍ വിജയമാണെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഇന്ത്യ കണ്ട ഏറ്റവും വലിയ നാര്‍ക്കോ ഹണ്ടുകളില്‍ ഒന്നാണിതെന്നും മാരക ലഹരി മരുന്നുകളുടെ ഉപയോഗം കുറയ്ക്കാന്‍ ഇത് സഹായിച്ചുവെന്നും അദേഹം ചൂണ്ടിക്കാട്ടി. തൂഫാന്‍ വന്നതുകൊണ്ട് മദ്യ ഉപയോഗം കൂടിയെന്ന് അഭിപ്രായപ്പെടുന്നില്ലെങ്കിലും ഓണം വളരെ സമാധാനപരമായി കടന്നുപോയെന്നും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി. ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്നും ചെന്നിത്തല അറിയിച്ചു.