ഇടുക്കി: 'ചേട്ടാ... ഞാന്‍ നിങ്ങളുടെ മകനാണെന്ന് കരുതി ഇറങ്ങി വാ...' ആത്മാര്‍ത്ഥത തുളുമ്പുന്ന ആ വാക്കുകള്‍ക്ക് മുന്നില്‍ മരണത്തിന്റെ കുരുക്ക് അഴിഞ്ഞു വീണു. ഇടുക്കി തടിയമ്പാട് കാര്‍ത്യായനി കവലയില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍, ഒരു കുടുംബത്തിന് നാഥനെയും നാടിന് ഒരു ജീവനെയും തിരികെ നല്‍കിയിരിക്കുകയാണ് ചെറുപ്പക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ എസ്.ഐ ടി.ബി ബിബിന്‍.
അടിയന്തര സാഹചര്യങ്ങളില്‍ നിയമത്തിന്റെ കാര്‍ക്കശ്യത്തേക്കാള്‍ ആഴത്തില്‍ മുറിവുണക്കാന്‍ കഴിയുന്നത് ഹൃദയം തൊട്ട വാക്കുകള്‍ക്കാണെന്ന് തെളിയിക്കുന്നതായിരുന്നു സംഭവം. മദ്യ ലഹരിയില്‍ ഭാര്യയോടും മകളോടും വാക്കത്തി വീശി വഴക്കിട്ട ഇയാളെ ശാന്തനാക്കാനാണ് പൊലീസ് എത്തുന്നത്. എന്നാല്‍ യൂണിഫോം കണ്ടതോടെ വീട്ടിനുള്ളില്‍ കയറി കതകടച്ച അയാള്‍ കഴുത്തില്‍ വയര്‍ കുരുക്കി കട്ടിലില്‍ കയറി നിന്ന് ജീവനൊടുക്കാന്‍ ഒരുങ്ങി. വാതിലില്‍ തൊട്ടാല്‍ താഴേക്ക് ചാടുമെന്ന ഭീഷണി ഉയരുമ്പോള്‍ പുറത്ത് പ്രാര്‍ത്ഥനയോടെ പൊലീസും ഭയന്ന വിറച്ച് കുടുംബവും നിലകൊണ്ടു.
കതക് തകര്‍ത്ത് അകത്തു കയറാന്‍ സാധിക്കുമായിരുന്നിട്ടും അത് ആ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായേക്കുമെന്ന് മനസിലാക്കിയ എസ്.ഐ ബിബിന്‍ ബലപ്രയോഗത്തിന്റെ വഴി ഉപേക്ഷിച്ചു. വാതിലിനപ്പുറത്ത് നിന്ന് സ്‌നേഹത്തോടെ അയാള്‍ സംസാരിക്കാന്‍ തുടങ്ങി. ഉള്ളില്‍ ഭയവും സങ്കടവും മദ്യത്തിന്റെ ലഹരിയും നിറഞ്ഞ് കരയുകയായിരുന്ന ആ മനുഷ്യനോട് തുടര്‍ച്ചയായി 40 മിനിറ്റോളം അനുനയത്തിന്റെ ഭാഷയില്‍ സംസാരിച്ചു.
ഒടുവില്‍ തന്റെ സ്വന്തം മകന്റെ പ്രായമുള്ള ആ പൊലീസുകാരന്റെ നാവിലൂടെ ഉയര്‍ന്നുവന്ന 'എന്നെ നിങ്ങളുടെ മകനായി കരുതി ആ കുരുക്കഴിച്ച് ഇറങ്ങി വരൂ' എന്ന വാക്കുകള്‍ അയാളുടെ ഹൃദയത്തില്‍ തൊട്ടു. മരണത്തിലേക്ക് നീണ്ട ആ മനസ് സ്‌നേഹത്തിന്റെ വിളികേട്ട് അലിഞ്ഞു. കഴുത്തില്‍ നിന്ന് സ്വയം വയര്‍ മാറ്റി, കരഞ്ഞുകൊണ്ട് അയാള്‍ വാതില്‍ തുറന്ന് പുറത്തേക്ക് വന്നു.
സ്റ്റേഷനില്‍ ചുമതലയേറ്റ് വെറും രണ്ട് ദിവസത്തിനകം ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് എസ്.ഐ ബിബിന്‍. സ്വയം വാതില്‍ തുറന്ന് പുറത്തുവന്ന ആ മനുഷ്യനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച പൊലീസ്, കുടുംബ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള വഴികളും നിര്‍ദേശിച്ചാണ് മടങ്ങിയത്.