കൊച്ചി: ജയിലില്‍ കിടക്കുന്നത് 72 സെക്കന്‍ഡ് പോലും നല്ലതല്ലെന്നിരിക്കെ ഒരു സ്ത്രീ 72 ദിവസം അകാരണമായി ജയിലില്‍ കിടന്നത് മറക്കരുതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇങ്ങനെ പറഞ്ഞത്.
'ഒരു സ്ത്രീ അകാരണമായി 72 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു. 72 സെക്കന്‍ഡ് പോലും ജയിലില്‍ കിടക്കുന്നതു നല്ലതല്ല. ആരാണ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക? ഞാനും നിങ്ങളും എല്ലാം അടങ്ങുന്ന നീതിന്യായ വ്യവസ്ഥയാണ് ഇവിടെ പരാജയപ്പെട്ടത്'എന്നാണ് കോടതി വിമര്‍ശിച്ചത്.
തന്നെ കേസില്‍ കുടുക്കിയതിനും അകാരണമായി ജയിലില്‍ അടച്ചതിനും എതിരെയും നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27നാണ് ബൈക്കിലും ബാഗിലും എല്‍എസ്ഡി സ്റ്റാമ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഷീലാ സണ്ണിയെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. ചാലക്കുടി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടറാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.