മരപ്പട്ടി (കവിത)

മരപ്പട്ടി (കവിത)

വീടിൻ്റെ മച്ചിൽ മരപ്പട്ടികൾ
കടിപിടികൂടുന്നു.
അധ്വാനത്തിൻ്റെ പകൽ,
രാത്രിയിൽ സമാധാനമായി
ഒന്നുറങ്ങാൻ പോലും
കഴിയാതെ ഞാൻ,
ചിതലരിച്ച് ഓട്ടയായ
പലകകൾക്കിടയിലൂടെ
മരപ്പട്ടിയുടെ ചൂടുള്ള
മൂത്രം എൻ്റെ മുഖത്ത്
ഇററിറ്റു വീണു,
ഇവറ്റകൾക്ക് ഉറക്കമില്ലേ -
ദേഷ്യത്തോടെ ഞാൻ ചോദിച്ചു
എൻ്റെ ഭാഷയറിയാതെ
മരപ്പട്ടി മച്ചിൻ
മുകളിൽ മുരണ്ടു ....
ഈശ്വരാ ഞാൻ
ആരോട് പരിഭവിക്കും
മരങ്ങളിൽ നിന്ന് മച്ചിലേക്ക്
കുടിയേറിയ മരപ്പട്ടികൾക്ക്
പേയുണ്ടോ എന്നറിയില്ല -
കാട്ടാനയും, കരടിയും,
കാട്ടുപന്നിയും കരിമ്പുലിയും
കാട്ടുവാസം നിറുത്തി നാട്ടു-
വാസം തുടങ്ങിയല്ലോയിപ്പോൾ
മയിലും മരംചാടി നടക്കും
കുരങ്ങനുമിപ്പോൾ
നാട്ടിലാണല്ലോ വാസം ....
നാട്ടിലിറങ്ങിയ കാട്ടുവാസികൾ
മാനവ ചിത്തത്തിൽ
വേദന തീർക്കുന്നു,
ആന ചവിട്ടി വീഴ്ത്തി ചിലരെ,
പുലിയും പിടിച്ചു തിന്നു ചിലരെ,
കരടി കടിച്ചുകീറിയും
കാട്ടാന ചവിട്ടി വീഴ്ത്തിയും
കൊന്നു ചിലരെ,
എന്നിട്ടും മൃഗസ്നേഹത്താൽ
മനുഷ്യ ജീവനെ മറന്നവർ
നിയമങ്ങളൊക്കെയും
ചമക്കുന്ന
കുരുടജന്മങ്ങൾ..... ധർമ്മയുദ്ധത്തിൽ
ജയം നേടണം, നമുക്കീയുലകിൽ
കരുത്ത് നേടണം ,
കാട് കാടാവണം നാട് നാടാവണം,
മരപ്പട്ടികൾ കാട്ടിൽ പോകട്ടെ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.