കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം: പരിക്കേറ്റ ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ ചികിത്സയില്‍

 കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം: പരിക്കേറ്റ ഒരാള്‍ മരിച്ചു;  മൂന്ന്  പേര്‍ ചികിത്സയില്‍

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുത്തൂര്‍ സ്വദേശി ഷെറിനാണ് മരിച്ചത്. പരിക്കേറ്റ മറ്റ് മൂന്നു പേര്‍ ചികിത്സയില്‍ തുടരുകയാണ്.

പരിക്കേറ്റവരെല്ലാം സിപിഎം അനുഭാവികളാണ്. അപകടത്തില്‍ പരിക്കേറ്റ മുളിയാത്തോട് സ്വദേശി വിനീഷ് പാനൂരിലെ പ്രാദേശിക സിപിഎം നേതാവിന്റെ മകനാണ്.

വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. പാനൂര്‍ മുളിയാത്തോട് വീടിന്റെ ടെറസില്‍ വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തില്‍ ഒരാളുടെ കൈപ്പത്തി പൂര്‍ണമായും തകര്‍ന്നു. പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

അതേസമയം പാനൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് കോണ്‍ഗ്രസും കണ്ണൂരില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപിയും ആരോപിച്ചു.

കണ്ണൂരില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. അതേസമയം ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.