കോട്ടയം: വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി ഒരു സംഘം ഇന്ന് യെമനില്‍ എത്തിയതായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കുന്നുവെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിമിഷ പ്രിയയുടെ മോചനത്തിനായി ഗള്‍ഫ് കേന്ദ്രീകരിച്ച് സജീവ ചര്‍ച്ചകള്‍ നടക്കുന്നതായി ചാണ്ടി ഉമ്മന്‍ നേരത്തേ പറഞ്ഞിരുന്നു. യുഎഇയിലും ഖത്തറിലും ചര്‍ച്ചകള്‍ നടന്നതായും അടുത്ത ദിവസങ്ങളില്‍ തന്നെ പോസിറ്റീവായ വിവരം കേള്‍ക്കാനാകുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.
യെമനില്‍ ബന്ധമുള്ള പ്രവാസി വ്യവസായികള്‍ വഴി ഖത്തറും യുഎഇയും കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടന്നത്. ആരു ചര്‍ച്ച നടത്തിയാലും നല്ലതാണ്. എന്നാല്‍ ഇതു സംബന്ധിച്ചുള്ള സമൂഹ മാധ്യമ പ്രതികരണങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ജൂലൈ 16 ന് നടത്താനിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഇന്ത്യന്‍ നയതന്ത്ര ഇടപെടലുകളെ തുടര്‍ന്ന് നീട്ടി വയ്ക്കുകയായിരുന്നു. യെമന്‍ സ്വദേശിയും ബിസിനസ് പങ്കാളിയുമായിരുന്ന തലാല്‍ അബ്ദുള്‍ മുഹമ്മദിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയയെ വധ ശിക്ഷയ്ക്ക് വിധിച്ചത്.