സിദ്ധാര്‍ഥന്റെ മരണം: സിബിഐ സംഘം വയനാട്ടിലെത്തി; മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

സിദ്ധാര്‍ഥന്റെ മരണം: സിബിഐ സംഘം വയനാട്ടിലെത്തി; മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

കല്‍പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജി.എസ് സിദ്ധാര്‍ഥന്റെ മരണത്തെപ്പറ്റിയുള്ള അന്വേഷണത്തിന് സിബിഐ സംഘം വയനാട്ടിലെത്തി.

സിബിഐ എസ്പി ഉള്‍പ്പെടെയുള്ള നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. ഇവര്‍ ജില്ലാ പോലീസ് മേധാവിയും അന്വേഷണ ഉദ്യാഗസ്ഥനായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പിയുമായും കൂടിക്കാഴ്ച നടത്തി.

ഒരു എസ്പിയും ഡിവൈഎസ്പിയും രണ്ട് ഇന്‍സ്‌പെക്ടര്‍മാരുമടങ്ങുന്നതാണ് അന്വേഷണ സംഘമെന്നാണ് ലഭിക്കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവര ശേഖരണമാണ് നടത്തിയത്. ഫയലുകള്‍ പരിശോധിക്കുകയും മറ്റു വിവരങ്ങള്‍ തേടുകയുമാണ് അനേഷണ സംഘം ചെയ്തതെന്നാണ് സൂചന.

കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് വിജ്ഞാപനമിറങ്ങിയത്.

അന്വേഷണം വൈകുന്ന ഒരോ നിമിഷവും കുറ്റവാളികള്‍ക്ക് നേട്ടമാകുമെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ഏപ്രില്‍ ഒന്‍പതിന് മുന്‍പ് വിജ്ഞാപനമിറക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്.

മകന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അടിയന്തരമായി സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പിതാവ് ടി. ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.