രണ്ടാം ഘട്ട പ്രചാരണം കളറാക്കാന്‍ ദേശീയ നേതാക്കള്‍ എത്തുന്നു; പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍

രണ്ടാം ഘട്ട പ്രചാരണം കളറാക്കാന്‍ ദേശീയ നേതാക്കള്‍ എത്തുന്നു;  പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പ്രചാരണം അവസാനിച്ചതിന് ശേഷം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കേന്ദ്ര നേതാക്കളുടെ ഒരു പട തന്നെ കേരളത്തിലെത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരിക്കല്‍ കൂടി കേരളത്തില്‍ എത്തുന്നു എന്നതാണ് ബിജെപി ക്യാമ്പിനെ ആവേശത്തിലാഴ്ത്തുന്ന വാര്‍ത്തയെങ്കില്‍ പ്രിയങ്ക ഗാന്ധിയുടെ വരവില്‍ കോണ്‍ഗ്രസിനും കണക്കുകൂട്ടലുകള്‍ ഉണ്ട്. മന്ത്രിമാരെ കൂടാതെ സിപിഎമ്മിന്റെ പല ദേശിയ നേതാക്കളും ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ ഉണ്ടാകും.

ഏറെ നാളുകളായി കേരളത്തില്‍ ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച് മോഡിയുടെ വരവ് ഒരു പതിവ് കാഴ്ചയായി മാറി കഴിഞ്ഞു. പത്തനംത്തിട്ടയില്‍ എത്തി അനില്‍ ആന്റണിക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ച മോഡി തൃശൂരില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ രണ്ടു തവണ അവിടെ എത്തിയതാണ്.

ഇത്തവണത്തെ വരവില്‍ ബിജെപി പ്രതീക്ഷയോടെ നോക്കിക്കാണുന്ന തിരുവനന്തപുരത്താണ്  
മോഡി പ്രചാരണത്തിന് ഇറങ്ങുക. പതിനഞ്ചിന് അദേഹം കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രധാനമന്ത്രിയെ കൂടാതെ അമിത് ഷാ ഉള്‍പ്പെട്ട ദേശിയ നേതാക്കള്‍ പലരും വരും ദിവസങ്ങളില്‍ കേരളത്തില്‍ എത്തും. വയനാട്ടിലേക്കാണ് പലരും എത്തുന്നത്. അവിടെ രാഹുല്‍ ഗാന്ധിക്ക് എതിരെ മത്സരിക്കുന്ന സുരേന്ദ്രന് വേണ്ടി വോട്ടു ചോദിക്കുകയാണ് ലക്ഷ്യം.

കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ടം പ്രചാരണത്തിന്റെ പ്രധാന ആകര്‍ഷണം പ്രിയങ്ക ഗാന്ധിയുടെ വരവാണ്. ആലപ്പുഴ മണ്ഡലത്തിലാണ് പ്രിയങ്ക എത്തുന്നത്. കൂടാതെ ഡി.കെ ശിവകുമാര്‍ അടക്കം പല പ്രമുഖ നേതാക്കളും ജില്ലകള്‍ തിരിച്ചുള്ള പ്രചാരണ പരിപാടികള്‍ക്ക് മുന്നില്‍ ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും അടക്കമുള്ളവര്‍ സിപിഎമ്മിനായി കളത്തില്‍ ഇറങ്ങും.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.