ബോധവല്‍ക്കരണം ആവശ്യം: ഇടുക്കി രൂപതയ്ക്ക് പിന്നാലെ 'ദ കേരള സ്റ്റോറി' പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശേരി, തലശേരി രൂപതകള്‍

ബോധവല്‍ക്കരണം ആവശ്യം: ഇടുക്കി രൂപതയ്ക്ക് പിന്നാലെ 'ദ കേരള സ്റ്റോറി' പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശേരി, തലശേരി രൂപതകള്‍

കോഴിക്കോട്: ഇടുക്കി രൂപതയ്ക്ക് പിന്നാലെ 'ദി കേരള സ്റ്റോറി' എന്ന ചിത്രം പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശേരി, തലശേരി രൂപതകളും. കെസിവൈഎമ്മിന്റെ നേതൃത്വത്തിലാണ് ഇരു രൂപതകളിലും ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നത്. കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയെ അഭിനന്ദിക്കുന്നുവെന്നും അത് മാതൃകയാണെന്നും കെസിവൈഎം നേതൃത്വം വ്യക്തമാക്കി.

അതിനിടെ താമരശേരി രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായ്മകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. സമൂഹത്തെ ഏറെ ബാധിക്കുന്ന ഗൗരവമുള്ള വിഷയം പ്രമേയമാക്കിയ ചിത്രം പരമാവധി പേര്‍ കാണണമെന്നും ചിത്രത്തിന്റെ ലിങ്ക് ഷെയര്‍ ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച താമരശേരി രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദര്‍ശിപ്പിക്കും. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും താമരശേരി രൂപത കെസിവൈഎം അറിയിച്ചു. കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ തലശേരി രൂപതയ്ക്ക് കീഴിലുള്ള എല്ലാ ഇടവകകളിലും ചിത്രം പ്രദര്‍ശിപ്പിക്കും.

അതേസമയം ദി കേരള സ്റ്റോറി ഇടുക്കി രൂപത പ്രദര്‍ശിപ്പിച്ചിരുന്നു. വചനോത്സവത്തിന്റെ ഭാഗമായി 10 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് ചിത്രം കാണിച്ചത്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്ന് ഇടുക്കി രൂപത മീഡിയ ഡയറക്ടര്‍ ഫാ.ജിന്‍സ് കാരക്കോട്ട് വ്യക്തമാക്കി.

പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്നും രൂപതയുടെ ഔദ്യോഗിക വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു. അതില്‍ വര്‍ഗീയത കലര്‍ത്തുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും രൂപത വിലയിരുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.