'കേരളത്തില്‍ ലൗ ജിഹാദ് ഉണ്ട്, തന്റെ ചില സുഹൃത്തുക്കളുടെ മക്കള്‍ അതിന്റെ ഇരകള്‍; അന്വേഷണം വേണം': പത്മജ വേണുഗോപാല്‍

'കേരളത്തില്‍ ലൗ ജിഹാദ് ഉണ്ട്, തന്റെ ചില സുഹൃത്തുക്കളുടെ മക്കള്‍ അതിന്റെ ഇരകള്‍; അന്വേഷണം വേണം': പത്മജ വേണുഗോപാല്‍

തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നും തന്റെ ചില സുഹൃത്തുക്കളുടെ മക്കള്‍ അതിന്റെ ഇരകളാണെന്നും മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും ബിജെപി നേതാവുമായ പത്മജ വേണുഗോപാല്‍.

ലൗ ജിഹാദ് ഉണ്ടെന്നാണ് പല അച്ഛനമ്മമാരും എന്നോട് പറഞ്ഞിട്ടുള്ളത്. ഞങ്ങളുടെ മകളെ ബ്രെയിന്‍വാഷ് ചെയ്തു എന്നുള്ള സങ്കടങ്ങള്‍ പറയാറുണ്ട്. ലൗ ജിഹാദ് എന്നത് ശരിയാണോ തെറ്റാണോ എന്നതിനെക്കുറിച്ച് ഒരു അന്വേഷണം നടത്തേണ്ടതുണ്ട്.

ഇന്നത്തെ തലമുറ പലതും പഠിക്കണം. ലൗ ജിഹാദ് ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല. ഇങ്ങനെ ഉണ്ട് എന്ന് വാര്‍ത്ത പരക്കുമ്പോള്‍ അതിനെക്കുറിച്ചുള്ള മെസേജ് കുട്ടികള്‍ക്ക് കൊടുക്കുന്നത് നല്ലതാണ്. അപ്പോള്‍ ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് അവര്‍ക്ക് മനസിലാകുമെന്നും പത്മജ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ ഇനിയും ബിജെപിയിലേക്ക് വരുമെന്നതില്‍ തനിക്ക് ഉറപ്പുണ്ടെന്നും തലേ ദിവസം വരെ കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിച്ച താന്‍ ഒരുദിവസം രാത്രിയിലാണ് ബിജെപിയില്‍ പോകാന്‍ തീരുമാനമെടുക്കുന്നതെന്നും പത്മജ പറഞ്ഞു. ഒരുരാത്രി മതി കാര്യങ്ങള്‍ മാറിമറിയാനെന്നും അവര്‍ വ്യക്തമാക്കി.

ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ ബിജെപിയോട് അടുത്തുകൊണ്ടിരിക്കുകയാണെന്നും തൃശൂര്‍ മണ്ഡലത്തിലുള്‍പ്പടെ അവരുടെ പിന്തുണ ബിജെപിക്ക് ലഭിക്കുമെന്നും പത്മജ പറഞ്ഞു.

അതേസമയം കേരള സ്റ്റോറി സിനിമയ്ക്കെതിരെ ശക്തമായ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമയാണ് കേരള സ്റ്റോറിയെന്ന് അദേഹം പറഞ്ഞു.

ന്യൂനപക്ഷവും കമ്മ്യൂണിസ്റ്റുകാരുമാണ് ആഭ്യന്തര ശത്രുവെന്നാണ് പണ്ട് ഹിറ്റ്ലര്‍ പറഞ്ഞിരുന്നത്. ആര്‍എസ്എസ് ഇത് അതേപടി പകര്‍ത്തി. പേരിലേ മാറ്റമുള്ളൂ വാചകം ഒന്നാണ്. അവിടെ ജൂതരാണെങ്കില്‍ ഇവിടെ ന്യൂനപക്ഷങ്ങളില്‍ പ്രബലര്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളുമാണ്. ഈ ആഭ്യന്തര പ്രശ്‌നത്തിന് പരിഹാരം കാണുന്നതിലും ആര്‍എസ്എസ് ഒരു നിലപാടെടുത്തിട്ടുണ്ട്. ജര്‍മനിയുടെ വഴി സ്വീകരിക്കുമെന്നാണ് അവര്‍ പറഞ്ഞത്.

ജര്‍മനി എന്താണ് ചെയ്തതെന്ന് നമുക്കറിയാം. എത്ര വലിയ കൂട്ടക്കൊലയാണ് നടന്നത്. ഓരോ ഘട്ടത്തിലും ഓരോ ജനവിഭാഗങ്ങള്‍ക്ക് നേരെയാണ് അവര്‍ തിരിയുക. ഓരോ വിഭാഗത്തെയും മറ്റൊരു വിഭാഗത്തിന് നേരെ തിരിച്ചുവിട്ട് തങ്ങളുടെ ഉദ്ദേശങ്ങള്‍ നേടാന്‍ പറ്റുമോ എന്ന ശ്രമം നടത്തും. ആ കെണിയില്‍ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.