ദി കേരള സ്റ്റോറി ബോധവല്‍ക്കരണാര്‍ത്ഥം പ്രദര്‍ശിപ്പിച്ച രൂപതകള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ അപലപനീയം: കെസിവൈഎം

ദി കേരള സ്റ്റോറി  ബോധവല്‍ക്കരണാര്‍ത്ഥം പ്രദര്‍ശിപ്പിച്ച രൂപതകള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ അപലപനീയം: കെസിവൈഎം

കൊച്ചി: ദി കേരള സ്റ്റോറി എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ഇടുക്കി രൂപതയ്ക്ക് നേരെ വിവിധ കോണുകളില്‍ നിന്നുയരുന്ന വിമര്‍ശനവും പ്രതിഷേധവും ആശങ്കജനകമാണന്ന് കെസിവൈഎം സംസ്ഥാന സമിതി.

യുവ തലമുറയില്‍ പ്രണയത്തിന്റെ ചതിക്കുഴികള്‍ ബോധ്യപ്പെടുത്തുക എന്ന സദുദ്ദേശത്തേടെ പ്രദര്‍ശിപ്പിച്ച സിനിമയെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കുന്നതും കുറ്റപ്പെടുത്തുന്നതും ശരിയായ രീതിയല്ല.

മുന്‍പ് സഭയ്ക്ക് എതിരെ സിനിമയും നാടകങ്ങളും പ്രദര്‍ശിപ്പിച്ചപ്പോള്‍ അന്ന് അത് ആവിഷ്‌കാര സ്വാതന്ത്ര്യവും കലാ സൃഷ്ടിയുമായിരുന്നു.

ഇന്ത്യയിലെ സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കി ഇറക്കിയ ഒരു സിനിമ ഇന്ന് ഒടിടി പ്ലാറ്റ്‌ഫോം ഉള്‍പ്പെടെ ലഭ്യമായ കാലത്ത് ബോധവല്‍ക്കരണാര്‍ത്ഥം പ്രദര്‍ശിപ്പിച്ചു എന്നത് എങ്ങനെയാണ് സമൂഹ മനസാക്ഷിക്ക് എതിരാവുന്നതെന്ന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എം.ജെ ഇമ്മാനുവേല്‍ ചോദിച്ചു.

വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ചിലരുടെ സംഘടിതമായ നീക്കങ്ങളുടെ ഫലമാണ്. മാധ്യമങ്ങള്‍ പലപ്പോഴും വാര്‍ത്താ പ്രാധാന്യം സൃഷ്ടിക്കുന്നതിന് വേണ്ടി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കുകയാണ് ചെയുന്നത്. ഈ നിലപാട് തിരുത്തപ്പെടേണ്ടതാണ്.

ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ഇടുക്കി രൂപതയ്ക്ക് നേരെയുള്ള പ്രതിഷേധങ്ങള്‍ക്കെതിരെ കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് എം.ജെ ഇമ്മാനുവേല്‍ പറഞ്ഞു. ഇടുക്കി രൂപതയയ്ക്കും സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമെടുത്ത മറ്റ് രൂപതകള്‍ക്കും കെസിവൈഎം സംസ്ഥാന സമിതി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.