ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയ രണ്ട് ബിബിഎ വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു; സംഭവം കോട്ടയത്ത്

 ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയ രണ്ട് ബിബിഎ വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയം വെള്ളൂരില്‍ ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. വെള്ളൂര്‍ മൂത്തേടത്ത് വൈഷ്ണവ് മോഹനന്‍ (21), ഇടയ്ക്കാട്ടുവയല്‍ കോട്ടപ്പുറം മൂത്തേടത്ത് ജിഷ്ണു വേണുഗോപാല്‍ (21) എന്നിവരാണ് മരിച്ചത്.

കോട്ടയം മംഗളം കോളജിലെ ബിബിഎ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. ഇന്ന് പുലര്‍ച്ചെ മൂന്നോടെ വെള്ളൂര്‍ ശ്രാങ്കുഴി ഭാഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. വടയാര്‍ ഇളംങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേല ഉത്സവം കണ്ട് മടങ്ങുംവഴി എതിരെ ട്രെയിന്‍ വരുന്നത് കണ്ട് തൊട്ടടുത്ത ട്രാക്കിലേക്ക് മാറിയപ്പോള്‍ പിന്നില്‍ നിന്നും വന്ന ട്രെയില്‍ ഇടിക്കുകയായിരുന്നു. വെള്ളൂര്‍ പൊലീസും റെയില്‍വേ പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പാണ് കോട്ടയം നീലിമംഗലത്ത് ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചത്. ട്രാക്ക് അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെയായിരുന്നു അപകടം. കോട്ടയം നട്ടാശേരി വടുതലയില്‍ വിജു മാത്യൂ (48) ആണ് മരിച്ചത്. കുമാരനല്ലൂര്‍ തൃക്കയില്‍ കോളനിക്ക് സമീപത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. കായംകുളം-എറണാകുളം മെമു ട്രെയിന്‍ ആണ് വിജുവിനെ ഇടിച്ചത്. റെയില്‍വേ ട്രാക്കിലെ ലോക്കുകള്‍ ഉറപ്പിക്കുന്നതിനിടെയായിരുന്നു അപകടം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.