വിഷു ചന്ത തുടങ്ങാന്‍ കണ്‍സ്യൂമര്‍ഫെഡിന് ഉപാധികളോടെ ഹൈക്കോടതി അനുമതി; സര്‍ക്കാരിന് വിമര്‍ശനം

വിഷു ചന്ത തുടങ്ങാന്‍ കണ്‍സ്യൂമര്‍ഫെഡിന് ഉപാധികളോടെ ഹൈക്കോടതി അനുമതി; സര്‍ക്കാരിന് വിമര്‍ശനം

കൊച്ചി: സംസ്ഥാനത്ത് റംസാന്‍-വിഷു വിപണന മേളകള്‍ നടത്താന്‍ ഉപാധികളോടെ ഹൈക്കോടതി അനുമതി. കണ്‍സ്യൂമര്‍ഫെഡിന്റെ ഹര്‍ജിയിലാണ് ഉത്തരവ്.

എന്നാല്‍ ചന്തകള്‍ നടത്താന്‍ സര്‍ക്കാര്‍ സബ്സിഡി അനുവദിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. നിലവില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ കൈവശമുള്ള പണം ഉപയോഗിച്ച് അവര്‍ക്ക് ചന്തകള്‍ നടത്താമെന്ന് കോടതി വ്യക്തമാക്കി.

വിപണന മേളകളെ സര്‍ക്കാര്‍ യാതൊരു തരത്തിലുള്ള പ്രചാരണത്തിനും ഉപയോഗിക്കരുതെന്ന നിര്‍ദേശവും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവിലുണ്ട്. കൂടാതെ ചന്തകളുടെ നടത്തിപ്പില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം കണ്ടെത്തിയാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

സംസ്ഥാനത്ത് 250 ചന്തകള്‍ തുടങ്ങാനായിരുന്നു നീക്കം. എന്നാല്‍ ഇത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. തുടര്‍ന്നാണ് കണ്‍സ്യൂമര്‍ഫെഡ് ഹൈക്കോടതിയെ സമീപിച്ചത്. ചന്തകളെ ഏതെങ്കിലും രാഷ്ട്രീയ നേട്ടത്തിന് സര്‍ക്കാര്‍ ഉപയോഗിക്കരുതെന്നും ഇത് സംബന്ധിച്ച് പബ്ലിസിറ്റി നല്‍കരുതെന്നും ഹൈക്കോടതി അറിയിച്ചു.

വിപണന മേളകള്‍ ആരംഭിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത് സര്‍ക്കാരിന് ആശ്വാസമായി. പൊതുജനങ്ങളുടെ താല്‍പര്യവും ചന്ത തുടങ്ങാന്‍ സാധനങ്ങള്‍ വാങ്ങിയെന്ന് സര്‍ക്കാര്‍ അറിയിച്ചതും കണക്കിലെടുത്താണ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്.

ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. മനുഷ്യരുടെ ഗതികേട് മുതലെടുത്ത് വോട്ട് പിടിക്കരുതെന്നായിരുന്നു വിമര്‍ശനം. തിരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യത്തില്‍ എങ്ങനെ കുറ്റം പറയാനാകുമെന്നും കോടതി ചോദിച്ചു. ജനങ്ങള്‍ക്ക് വേണ്ടിയുള്ള തീരുമാനം ആണെങ്കില്‍ നൂറ് ശതമാനവും സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.