കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വെക്കും; കോട്ടപ്പടിയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ

കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വെക്കും; കോട്ടപ്പടിയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ

കൊച്ചി: കോതമംഗലം കോട്ടപ്പടി പ്ലാച്ചേരിയില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കി. കിണറ്റിലെ വെള്ളം വറ്റിച്ചശേഷമാകും മയക്കുവെടി വെക്കുകയെന്ന് മലയാറ്റൂര്‍ ഡിഎഫ്ഒ അറിയിച്ചു. വൈകുന്നേരത്തോടെ മയക്കുവെടി വെക്കാനാണ് തീരുമാനം.

ആനയുടെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താകും തുടര്‍ നടപടി. ആനയുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. ആന ക്ഷീണിതനാണെന്നും വനം വകുപ്പ് അറിയിച്ചു. കരയ്ക്ക് കയറ്റിയ ശേഷം ആനയെ എങ്ങോട്ട് മാറ്റും എന്നതില്‍ തീരുമാനമായിട്ടില്ല. ആനയെ പുറത്തെത്തിക്കാന്‍ കിണര്‍ ഇടിക്കേണ്ടതിനാല്‍ കിണര്‍ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ആന കിണറ്റില്‍പ്പെട്ടതിനെ തുടര്‍ന്ന് കോട്ടപ്പടി പഞ്ചായത്തിലെ 1,2,3,4 വാര്‍ഡുകളില്‍ 24 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആന കിണറ്റില്‍ വീണത്. കൃഷിയിടത്തിലെ ആള്‍മറയില്ലാത്തെ കിണറ്റിലാണ് കാട്ടാന വീണത്. പ്രദേശത്ത് നിരന്തരം ശല്യമുണ്ടാക്കുന്ന ആനയാണിതെന്നും ആനയെ പ്രദേശത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു.

ആന കരയ്ക്ക് കയറിയാല്‍ അക്രമാസക്തനാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങളെ സ്ഥലത്ത് നിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണ്. കിണറിന്റെ ഒരു ഭാഗത്തെ തിട്ട ഇടിച്ച് അതുവഴി മുകളിലേക്ക് കയറാന്‍ രാവിലെ മുതല്‍ ആന ശ്രമിക്കുന്നുണ്ട്. ഇതുമൂലം ആനയുടെ ശരീരത്തില്‍ ഒട്ടേറെ ഭാഗത്ത് മുറിവേറ്റിട്ടുമുണ്ട്.

മലയാറ്റൂര്‍ ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും എഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്ഥലത്തുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.