കഴിഞ്ഞ പത്ത് വര്‍ഷം കണ്ടത് ട്രെയിലര്‍; ഇനിയാണ് വികസന കുതിപ്പെന്ന് മോഡിയുടെ 'ഗ്യാരണ്ടി'

കഴിഞ്ഞ പത്ത്  വര്‍ഷം കണ്ടത് ട്രെയിലര്‍; ഇനിയാണ് വികസന കുതിപ്പെന്ന് മോഡിയുടെ 'ഗ്യാരണ്ടി'

തൃശൂര്‍: കഴിഞ്ഞ പത്ത് വര്‍ഷം ഇന്ത്യയിലുണ്ടായത് എന്‍ഡിഎ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ട്രെയിലര്‍ മാത്രമാണെന്നും ഇനിയുള്ള വര്‍ഷങ്ങളിലാണ് വികസനത്തിന്റെ യഥാര്‍ത്ഥ കുതിപ്പ് കാണാന്‍ പോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. കുന്ദംകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ച പ്രധാനമന്ത്രി മലയാള വര്‍ഷാരംഭത്തില്‍ കേരളത്തില്‍ എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇത് വികസനത്തിന്റെ വര്‍ഷമായി മാറാന്‍ ബിജെപിക്ക് വോട്ട് നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. കേരളത്തില്‍ ആയുഷ്മാന്‍ പദ്ധതി വഴി 74 ലക്ഷം പേര്‍ക്ക് സാമ്പത്തിക സഹായം കിട്ടിയെന്ന് പറഞ്ഞ അദേഹം പ്രസംഗത്തിനിടെ മോഡിയുടെ ഗ്യാരണ്ടികളും എടുത്ത് പറഞ്ഞു.

പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമാണ് കേരളം. എന്നാലിവിടെ വിനോദസഞ്ചാര മേഖല വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല. വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ പാരമ്പര്യത്തെ അന്തര്‍ദേശീയവല്‍കരിക്കും. അടുത്ത അഞ്ച് വര്‍ഷങ്ങള്‍ വികസനത്തിനും സംസ്‌കാരത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. കേരളത്തിനും ഇതിന്റെ പ്രയോജനങ്ങള്‍ ലഭിക്കുമെന്നും മോഡി പറഞ്ഞു.

ഉത്തരേന്ത്യയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ദക്ഷിണേന്ത്യയിലേക്കും വ്യാപിപ്പിക്കും. എക്സ്പ്രസ് ഹൈവേ നടപ്പാക്കും. കേരളത്തിലെ റോഡ് വികസനം വേഗത്തിലാക്കും. സ്വന്തമായി വീടില്ലാത്ത വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും കേരളത്തിലുണ്ട്. അവര്‍ക്ക് പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയിലൂടെ വീടുകള്‍ നിര്‍മിച്ച് നല്‍കും. സിപിഎം സംസ്ഥാനത്തെ ബാങ്കുകളെ കൊള്ളയടിക്കുകയാണെന്നും പ്രസംഗത്തിനിടെ മോഡി ആരോപിച്ചു.

സുരേഷ് ഗോപി ഉള്‍പ്പെടെ ആലത്തൂര്‍, പൊന്നാനി, ചാലക്കുടി എന്നീ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു. പത്മജ വേണുഗോപാല്‍, നടന്‍ ദേവന്‍ തുടങ്ങിയവരും സംബന്ധിച്ചു.

ആലത്തൂര്‍ മണ്ഡലത്തില്‍പ്പെടു കുന്നംകുളത്തെ പരിപാടിക്ക് ശേഷം ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലേക്കാണ് നരേന്ദ്ര മോഡിയുടെ അടുത്ത പരിപാടി. ഈ വര്‍ഷം തന്നെ ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.

ഇന്ന് തമിഴ്‌നാട്ടിലും അദേഹത്തിന് പൊതുയോഗമുണ്ട്. കേരളത്തിലെ പരിപാടികള്‍ പൂര്‍ത്തിയാക്കി തമിഴ്‌നാട്ടില്‍ എത്തുന്ന നരേന്ദ്ര മോഡി വൈകുന്നേരം 4:15 ന് തിരുനെല്‍വേലിയില്‍ ബിജെപി പൊതുയോഗത്തില്‍ പ്രസംഗിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.