'കേരള സ്റ്റോറിക്ക് ബദലല്ല മണിപ്പൂര്‍ സ്റ്റോറി; വിഷയം വഴിതിരിച്ചു വിടുന്നത് വിഢിത്തം': കെസിബിസി ജാഗ്രതാ കമ്മീഷന്‍

'കേരള സ്റ്റോറിക്ക് ബദലല്ല മണിപ്പൂര്‍ സ്റ്റോറി; വിഷയം വഴിതിരിച്ചു വിടുന്നത് വിഢിത്തം': കെസിബിസി ജാഗ്രതാ കമ്മീഷന്‍

കൊച്ചി: 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് ബദലല്ല 'മണിപ്പൂര്‍ സ്റ്റോറി'യെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍. മണിപ്പൂര്‍ സ്റ്റോറി പ്രദര്‍ശിപ്പിച്ച് വിഷയം വഴിതിരിച്ചു വിടുന്നത് വിഢിത്തമാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ മൈക്കിള്‍ പുളിക്കല്‍ സഭയുടെ മുഖപത്രമായ ദീപികയില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇടുക്കി രൂപത നേരത്തെ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചിരുന്നു. പിന്നാലെ സിനിമയെ പിന്തുണച്ച് താമരശേരി, തലശേരി രൂപതകളും രംഗത്തെത്തി. സിനിമ കാണണമെന്ന് സിറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ കെസിവൈഎമ്മും ആഹ്വാനം ചെയ്തിരുന്നു.

പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇടുക്കി രൂപത കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത്. അതേസമയം കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിനെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം വിമര്‍ശിച്ചിരുന്നു.

ദ കേരള സ്റ്റോറിക്ക് ബദലായി മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി എറണാകുളം-അങ്കമാലി അതിരൂപതയിലെ ചില പള്ളികളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 'മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്' എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.