പെയ്ഡ് സര്‍വേകളാണോ പുറത്തു വരുന്നതെന്ന് സംശയം; എല്‍ഡിഎഫ് ഉജ്ജ്വല വിജയം നേടും: മുഖ്യമന്ത്രി

പെയ്ഡ് സര്‍വേകളാണോ പുറത്തു വരുന്നതെന്ന് സംശയം;  എല്‍ഡിഎഫ് ഉജ്ജ്വല വിജയം നേടും: മുഖ്യമന്ത്രി

മലപ്പുറം: തിരഞ്ഞെടുപ്പ് സര്‍വേകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പെയ്ഡ് ന്യൂസ് എന്ന് ചില കാര്യങ്ങളെക്കുറിച്ച് പറയാറില്ലേ. അത്തരത്തിലുള്ള ചില സര്‍വേകളാണ് ഇപ്പോള്‍ പുറത്തു വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍വേകളില്‍ യുഡിഎഫിന് മുന്‍തൂക്കം പ്രവചിക്കുന്നുണ്ടല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഏറ്റവും ഒടുവിലായി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ സര്‍വേയില്‍ പ്രവചിച്ചിരുന്നത് ഒന്നു പരിശോധിച്ചാല്‍ നന്നാകും. കെ.കെ ഷൈലജ, പി. രാജീവ്, എം.എം മണി, പി.എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, എം.ബി രാജേഷ് തുടങ്ങി എത്രപേരാണ് തോല്‍ക്കുമെന്ന് സര്‍വേ പ്രവചിച്ചത്.

ഇതിനൊന്നും ഒരു വിശ്വാസ്യതയുമില്ലെന്ന് തെളിഞ്ഞിട്ടും അതേ പരിപാടിയുമായി വീണ്ടും വരികയും സമാനമായ പ്രവചനങ്ങള്‍ നടത്തുകയും ചെയ്യുന്നു. ആളുകള്‍ തെറ്റിദ്ധരിച്ച് രണ്ടു വോട്ടെങ്കിലും കിട്ടുമോയെന്ന് നോക്കുകയാണ് ഇതിന്റെ പിന്നിലുള്ളത്.

സര്‍വേ നടത്തുന്ന രീതി, എത്ര പേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു, ഫലപ്രവചനം എങ്ങനെ തുടങ്ങിയ വിവരങ്ങളൊക്കെ മറച്ചുവെച്ചുകൊണ്ടാണ് പ്രീപോള്‍ സര്‍വേഫലം പുറത്തു വിടുന്നത്. ഇതിന്റെ ആധികാരികത എന്തെന്ന് ആളുകള്‍ക്ക് അറിയില്ല. ഏതെങ്കിലും ഒരു ഏജന്‍സിയുടെ പിന്‍ബലത്തില്‍ തട്ടിക്കൂട്ടി പുറത്തു വിടുന്ന ഇത്തരം കണക്കുകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക ലക്ഷ്യത്തില്‍ മാത്രമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് കേരളത്തില്‍ എന്‍ഡിഎക്ക് വേണ്ടി മത്സരിക്കുന്ന നാലില്‍ മൂന്ന് ശതമാനവും മുന്‍ യുഡിഎഫുകാരാണ്. ഇതേ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇരുന്നു കൊണ്ടാണ് രാഹുല്‍ ഗാന്ധിയും വി.ഡി സതീശനും നരേന്ദ്ര മോഡിക്കെതിരെ മുഖ്യമന്ത്രി സംസാരിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നത്.

എന്തു വിരോധാഭാസമാണിത്. മോഡിയുടെ തെറ്റായ നയങ്ങള്‍ക്കെതിരെയും അതിനെ നയിക്കുന്ന ആര്‍എസ്എസിനെതിരെയും പറയാനും പൊരുതാനും ഇടതുപക്ഷത്തിന് കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഗോള്‍വാള്‍ക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ കുനിഞ്ഞു നിന്ന് വിളക്കു കൊളുത്തിയവരും ആര്‍എസ്എസിനോട് വോട്ട് ഇരന്നു വാങ്ങിയവരും സ്വന്തം മുഖം കണ്ണാടിയില്‍ നോക്കിയാല്‍ നന്നായിരിക്കും.

ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫ് അവസരവാദത്തിനും നിലപാട് ഇല്ലായ്മയ്ക്കും എതിരായ വിധിയാണ് എഴുതുക. മത്സരത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബിജെപി അപ്രസക്തമാകുകയും എല്‍ഡിഎഫ് ഉജ്ജ്വല വിജയം നേടുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.