സുവിശേഷ പ്രഘോഷണം നടത്തുന്നതിന്റെ പേരില്‍ തനിക്ക് സിനിമകള്‍ നിഷേധിക്കപ്പെട്ടാലും വിഷമമില്ലെന്ന് നടന്‍ സിജോയ് വര്‍ഗീസ്

സുവിശേഷ പ്രഘോഷണം നടത്തുന്നതിന്റെ പേരില്‍ തനിക്ക് സിനിമകള്‍ നിഷേധിക്കപ്പെട്ടാലും വിഷമമില്ലെന്ന് നടന്‍ സിജോയ് വര്‍ഗീസ്

കോഴിക്കോട്: സുവിശേഷ പ്രഘോഷണം നടത്തുന്നതിന്റെ പേരില്‍ തനിക്ക് സിനിമകള്‍ നിഷേധിക്കപ്പെട്ടാലും യാതൊരു വിഷമവുമില്ലെന്ന് പ്രശസ്ത സിനിമാ നടനും പരസ്യകലാ സംവിധായകനുമായ സിജോയ് വര്‍ഗീസ്.

താമരശേരി രൂപത തിരുവമ്പാടിയില്‍ സംഘടിപ്പിച്ച വൈദിക-സന്യസ്ത അസംബ്ലിയിലാണ് അദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ജീവിതത്തില്‍ ഏറ്റവും വലിയ സന്തോഷ മുഹൂര്‍ത്തം തൊള്ളായിരത്തോളം വൈദികരും സന്യസ്തരും പങ്കെടുത്ത അസംബ്ലിയില്‍ പങ്കെടുക്കാനായതാണെന്നും അദേഹം പറഞ്ഞു.

എത്ര വലിയ പ്രശ്നങ്ങളുണ്ടായാലും മാതാവ് നമ്മളെ കൈവിടില്ല. സാധ്യമായ സ്ഥലങ്ങളിലെല്ലാം ജപമാല കൂട്ടായ്മകള്‍ ഉണ്ടാവണം. ജപമാലയുടെ ശക്തി വളരെ വലുതാണ്. ദൈവരാജ്യമാണ് ഏറ്റവും വലിയ ജനാധിപത്യ സര്‍ക്കാര്‍.

അവിടെ ശിക്ഷിക്കുന്ന ദൈവമല്ല, മറിച്ച് ക്ഷമിക്കുന്ന ദൈവമാണ്. മറ്റുള്ളവരുടെ മാനസാന്തരത്തിന് പ്രാര്‍ത്ഥനയാണ് ഏറ്റവും വലിയ മാര്‍ഗമെന്ന് ചൂണ്ടിക്കാട്ടിയ സിജോയ് വര്‍ഗീസ് തന്റെ വിശ്വാസ ജീവിതം വൈദികരും സമര്‍പ്പിതരുമായി പങ്കുവച്ചു.

പരിപാടിക്കിടെ വൈദികരും സന്യസ്തരുമായുള്ള സംവാദത്തിന് ഫാ. കുര്യന്‍ പുരമഠം നേതൃത്വം നല്‍കി. ഫാ. ജയിംസ് കിളിയനാനിക്കല്‍ രചിച്ച രണ്ട് ആധ്യാത്മീക പുസ്തകങ്ങളുടെ പ്രകാശനം ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു.

മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍, എംഎസ്എംഐ സുപ്പീരിയര്‍ ജനറാള്‍ സിസ്റ്റര്‍ എല്‍സി വടക്കേമുറി എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി. രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം വയലില്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ നന്ദി പറഞ്ഞു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫാ. കുര്യാക്കോസ് തയ്യില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.