കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ വെള്ളിയാഴ്ചയ്ക്ക് മുന്‍പ്് തന്നെ ഇതിനായുള്ള നോട്ടീസ് അയയ്ക്കുമെന്നാണ് ഇ.ഡി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എം.ഡി ശശിധരന്‍ കര്‍ത്തയെയും ജീവനക്കാരെയും ചോദ്യം ചെയ്തതില്‍ നിന്ന് വീണാ വിജയനും അവരുടെ ഉടമസ്ഥതയിലുളള എക്‌സാ ലോജിക്ക് എന്ന സ്ഥാപനത്തിനും പണം നല്‍കിയത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് വീണാ വിജയനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിഗമനത്തില്‍ ഇ. ഡി എത്തിച്ചേര്‍ന്നത്.
നടന്നത് കള്ളപ്പണ ഇടപാടാണ് എന്ന് തെളിയിക്കാനുള്ള രേഖകളും തെളിവുകളും ഉണ്ടോ എന്നും അന്വേഷണ സംഘം വിലയിരുത്തുന്നുണ്ട്. സിഎംആര്‍എല്‍ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് കൂടുതല്‍പേരെ വരും ദിവസങ്ങളിലും ഇ.ഡി ചോദ്യം ചെയ്യും. നിലവില്‍ ചോദ്യം ചെയ്ത ജീവനക്കാരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.
സിഎംആര്‍എല്‍ ഇല്ലാത്ത സേവനത്തിന് പിണറായി വിജയന്റെ മകള്‍ വീണാ വിജയനും അവരുടെ സോഫ്റ്റ് വെയര്‍ സ്ഥാപനമായ എക്‌സാലോജിക്കിനും ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതിനൊപ്പം ലോണ്‍ എന്ന നിലയിലും വീണയ്ക്ക് പണം നല്‍കിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.