'24 മണിക്കൂറിനകം വാര്‍ത്താ സമ്മേളനം വിളിച്ച് മാപ്പു പറയണം'; കെ.കെ ഷൈലജയ്ക്ക് ഷാഫി പറമ്പിലിന്റെ വക്കീല്‍ നോട്ടീസ്

 '24 മണിക്കൂറിനകം വാര്‍ത്താ സമ്മേളനം വിളിച്ച് മാപ്പു പറയണം'; കെ.കെ ഷൈലജയ്ക്ക് ഷാഫി പറമ്പിലിന്റെ വക്കീല്‍ നോട്ടീസ്

കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ഷൈലജയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ വക്കീല്‍ നോട്ടീസ്. അശ്ലീല ചിത്രം പ്രചരിപ്പിച്ചു എന്ന ഷൈലജയുടെ ആരോപണത്തിലാണ് നോട്ടീസ്. 24 മണിക്കൂറിനകം വാര്‍ത്താ സമ്മേളനം വിളിച്ച് മാപ്പു പറയണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ചെയ്യാത്ത കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. വോട്ടര്‍മാര്‍ക്കിടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ സല്‍പേര് നശിപ്പിക്കാനാണ് ശ്രമം. ഷാഫി പറമ്പിലിന്റെ മാതാവിനെ അടക്കം സൈബര്‍ ആക്രമണത്തിലേക്ക് വലിച്ചിഴക്കുന്നു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ആരോപണം ഉന്നയിക്കുന്നതെന്നും നോട്ടീസില്‍ പറയുന്നു.

പാനൂര്‍ ബോംബ് സ്ഫോടനം, പിപിഇ കിറ്റ് അഴിമതി എന്നിവയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഷാഫിക്ക് എതിരായ ആരോപണത്തിന് പിന്നില്‍ എന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

ആരോപണത്തില്‍ ഷൈലജക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് വളരെ വ്യക്തമാണെന്നും അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നുവെന്നും തെളിവുകള്‍ കൈവശമുണ്ടെന്നും ഷൈലജ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. നിയമ നടപടി സ്വീകരിക്കാന്‍ ഷാഫിയുടെ കയ്യില്‍ എന്തെങ്കിലും വേണ്ടേ എന്നും ഷൈലജ ചോദിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.