ജെസ്ന തിരോധാനക്കേസ്; തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ

ജെസ്ന തിരോധാനക്കേസ്; തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ

തിരവനന്തപുരം: ജെസ്ന മരിയ ജെയിംസിൻറെ തിരോധാനക്കേസിൽ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ. തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിന് തയാറാണെന്നും സിബിഐ അഭിഭാഷകൻ വ്യക്തമാക്കി. പുനരന്വേഷണം ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് സിബിഐ തീരുമാനം അറിയിച്ചത്.

രേഖകളും തെളിവുകളും കോടതിയിൽ മുദ്രവച്ച കവറിൽ നൽകണമെന്ന് ജെസ്‌നയുടെ പിതാവിനോട് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. അടുത്ത മാസം മൂന്നിന് ഹർജി വീണ്ടും പരിഗണിക്കും. എല്ലാ സാധ്യതകളും പരിശോധിക്കാതെയാണ് സിബിഐ റിപ്പോർട്ട് തയ്യാറാക്കിയതെന്നും കേസ് അവസാനിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ജെസ്നയുടെ പിതാവ് കോടതിയെ സമീപിച്ചത്.

ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുണ്ടെന്നും ആറ് മാസം കൂടി സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫിന്റെ ഹർജിയിൽ പറയുന്നത്. ജെസ്നയെ കണ്ടെത്താനായില്ലെന്നും മരിച്ചോ എന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാണ് അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ നേരത്തെ കോടതിയെ സമീപിച്ചത്. ഇതിനെതിരെയാണ് ജെസ്നയുടെ പിതാവ് കോടതിയെ സമീപിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.