'പി. വി അൻവർ വാ പോയ കോടാലി, കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി' : വി. ഡി സതീശൻ

'പി. വി അൻവർ വാ പോയ കോടാലി, കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി' : വി. ഡി സതീശൻ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ പൂർണമായും ആത്മവിശ്വാസത്തിലാണ് യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. 20 ൽ 20 സീറ്റും ലഭിക്കും. പി. വി അൻവറിൻ്റേത് മോശമായ പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ വിമർശനം നിലവാരമില്ലാത്തതാണ്. മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണിതെന്നും വി. ഡി സതീശൻ ആരോപിച്ചു.

പിണറായി വിജയൻ പി. വി അൻവറിനെ കൊണ്ട് പറയിപ്പിക്കുന്നതാണ്. അദേഹം വാ പോയ കോടാലി ആണ്. അൻവറിനെ പിണറായി വിജയൻ ആയുധമായി ഉപയോഗിക്കുകയാണ്. വാക്കത്തിയോടോ കോടാലിയോടോ ആരും ഫൈറ്റ് ചെയ്യില്ല. ഇത് ഉപയോഗിക്കുന്ന ആൾക്കെതിരെയാണ് ഫൈറ്റ് ചെയ്യുകയെന്നും വി. ഡി സതീശൻ പ്രതികരിച്ചു.

കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ബിജെപിയെ സുഖിപ്പിച്ച് കേസുകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. മോഡിയെയും ബിജെപിയും സന്തോഷിപ്പിക്കാൻ ആണ് പിണറായി ശ്രമിക്കുന്നത്. ബിജെപി അധികാരം നിലനിർത്താൻ വേണ്ടി വിദ്വേഷത്തിന്റെ വിത്തുകൾ പാകുന്നു. കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി ബിജെപിക്ക് ഇടം ഒരുക്കി കൊടുക്കുന്നെന്നും വി. ഡി സതീശൻ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.