'തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കണം; ലാവലിനില്‍ നടപടി ഉണ്ടാകില്ല': ഇ.പിയോട് ബിജെപി ആവശ്യപ്പെട്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍

'തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കണം; ലാവലിനില്‍ നടപടി ഉണ്ടാകില്ല': ഇ.പിയോട് ബിജെപി ആവശ്യപ്പെട്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍

കൊച്ചി: കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പിന്നാലെ ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ പുതിയ വെളിപ്പെടുത്തലുമായി ദല്ലാള്‍ നന്ദകുമാര്‍.

ഇ.പിയെ കാണാന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ വന്നുവെന്നും തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ എസ്.എന്‍.സി ലാവലിന്‍ കേസില്‍ നടപടി ഉണ്ടാകില്ലെന്ന് പറഞ്ഞുവെന്നുമാണ് നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇ.പി എല്ലാം നിരാകരിച്ചതായും നന്ദകുമാര്‍ പറഞ്ഞു.

'ഇ.പി ജയരാജനെയും എന്നെയും പ്രകാശ് ജാവദേക്കര്‍ വന്ന് കണ്ടു. എന്റെ സാന്നിധ്യത്തില്‍ ജാവദേക്കര്‍ പറഞ്ഞു, ഞങ്ങള്‍ക്കിവിടെ രക്ഷയില്ല. അഡ്ജസ്റ്റ്മെന്റിന് തയ്യാറാകാമോ എന്ന്. തൃശൂരില്‍ എങ്ങനെയും സുരേഷ് ഗോപിയെ ജയിപ്പിച്ചെടുക്കണം എന്ന് ജാവദേക്കര്‍ പറഞ്ഞു.

പകരം ലാവലിന്‍ കേസുകളില്‍ തുടര്‍ നടപടികള്‍ ഉണ്ടാവില്ലെന്നും സ്വര്‍ണക്കടത്തില്‍ തുടരന്വേഷണം നിര്‍ത്തി വയ്പ്പിക്കാമെന്നും ഉറപ്പ് കൊടുത്തു. വേണമെങ്കില്‍ അമിത് ഷാ വീട്ടില്‍ വന്ന് ഉറപ്പ് തരുമെന്നും പറഞ്ഞു. കേരളത്തില്‍ അത് നടക്കില്ലെന്ന് ഇ.പി ജയരാജന്‍ തീര്‍ത്ത് പറഞ്ഞതോടെ ആ ചര്‍ച്ച അവിടെ അവസാനിച്ചു'- നന്ദകുമാര്‍ പറഞ്ഞു.

ശോഭാ സുരേന്ദ്രന് ഭൂമി വാങ്ങാനാണ് 10 ലക്ഷം രൂപ നല്‍കിയതെന്ന് വ്യക്തമാക്കിയ നന്ദകുമാര്‍ ശോഭ തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ വിവരങ്ങളില്‍ ഈ ഭൂമിയുടെ കാര്യം പറയുന്നില്ലെന്നും പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.