എട്ട് വര്‍ഷമായി മായാത്ത മഷി അടയാളം; വോട്ട് ചെയ്യാന്‍ ആകുമോ എന്ന ആശങ്കയില്‍ 62 കാരി

എട്ട് വര്‍ഷമായി മായാത്ത മഷി അടയാളം; വോട്ട് ചെയ്യാന്‍ ആകുമോ എന്ന ആശങ്കയില്‍ 62 കാരി

ഷൊര്‍ണൂര്‍: 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തപ്പോള്‍ ഉദ്യോഗസ്ഥര്‍ വിരലില്‍ പുരട്ടിയ മഷി ഇത്ര തലവേദനയാകുമെന്ന് കുളപ്പുള്ളി ആലിന്‍ചുവട് തെക്കേപ്പാടത്ത് രാധാകൃഷ്ണന്റെ ഭാര്യ ഉഷ വിചാരിച്ചില്ല. വീട്ടിലുള്ളവരുടെയും അയല്‍വാസികളുടെയും എല്ലാം കൈവിരലിലെ മഷി മാഞ്ഞെങ്കിലും ഉഷയുടേത് മാത്രം മാഞ്ഞില്ല. ഇന്ന് ലോക്‌സഭാ വോട്ട് ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് ഈ 62 കാരി.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന തദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോഴായിരുന്നു ആദ്യ തടസം നേരിട്ടത്. മുന്‍പ് തേച്ച മഷി മായാത്തതാണെന്ന് പറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥര്‍ വിശ്വസിച്ചില്ല. ബൂത്തിലുണ്ടായിരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാര്‍ ഇവരെ അറിയുമെന്ന് ഉറപ്പ് പറഞ്ഞതോടെയാണ് അന്ന് വോട്ട് ചെയ്യാന്‍ സാധിച്ചത്.

എന്നാല്‍ ബൂത്തില്‍ ചെന്ന് തര്‍ക്കിക്കേണ്ടിവരുമെന്ന് പേടിച്ച് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാന്‍ ഉഷാകുമാരി പോയില്ല. വിരലില്‍ നഖം വളരുന്നുണ്ടെങ്കിലും മഷിയടയാളം പോകുന്നില്ലെന്നതാണ് പ്രശ്‌നം. ഇത്തരം സംഭവം അപൂര്‍വമാണെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്. ത്വക്‌രോഗ വിദഗ്ധരും ഇത് അപൂര്‍വ സംഭവമായാണ് ചൂണ്ടിക്കാട്ടുന്നത്.

അതേസമയം പോളിങ് ഏജന്റുമാര്‍ക്ക് പരാതിയില്ലെങ്കില്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് തീരുമാനമെടുത്ത് വോട്ട് രേഖപ്പെടുത്താന്‍ അനുമതി നല്‍കാനാകുമെന്ന് ഷൊര്‍ണൂര്‍ ഇലക്ടറല്‍ ഓഫീസര്‍ കൂടിയായ തഹസില്‍ദാര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.