'കൂടിക്കാഴ്ച മകന്റെ ഫ്‌ളാറ്റില്‍ വച്ച്'; പ്രകാശ് ജാവദേക്കറെ കണ്ടുവെന്ന് സ്ഥിരീകരിച്ച് ഇ.പി ജയരാജന്‍

'കൂടിക്കാഴ്ച മകന്റെ ഫ്‌ളാറ്റില്‍ വച്ച്'; പ്രകാശ് ജാവദേക്കറെ കണ്ടുവെന്ന് സ്ഥിരീകരിച്ച് ഇ.പി ജയരാജന്‍

കണ്ണൂര്‍: ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ തന്നെ കണ്ടുവെന്ന് സ്ഥിരീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി ജയരാജന്‍. തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്ളാറ്റിലെത്തിയാണ് ജാവദേക്കര്‍ കണ്ടത്. താന്‍ അവിടെ ഉണ്ടെന്ന് അറിഞ്ഞ് കാണാനും പരിചയപ്പെടാനുമായാണ് അദേഹം എത്തിയത്. രാഷ്ട്രീയ കാര്യങ്ങളൊന്നും സംസാരിച്ചില്ലെന്നുമാണ് ജയരാജന്‍ പറയുന്നത്.

അതിന് മുമ്പ് അദേഹത്തെ താന്‍ കണ്ടിട്ടില്ല. മീറ്റിങ ഉണ്ട് താന്‍ ഇറങ്ങുകയാണ് നിങ്ങള്‍ ഇവിടെയിരിക്കൂ എന്ന് പറഞ്ഞു. മകനോട് ചായ കൊടുക്കാനും ആവശ്യപ്പെട്ടു. പക്ഷെ ഒന്നും വേണ്ട ഞാനും ഇറങ്ങുകയാണെന്ന് പറഞ്ഞ് ഒപ്പം അദേഹവും ഇറങ്ങി. രാഷ്ട്രീയ കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടില്ലെന്നും ജയരാജന്‍ വ്യക്തമാക്കുന്നു.

അദേഹമൊക്കെ പറഞ്ഞാല്‍ താന്‍ മാറുമോ? ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാല്‍ താന്‍ അനങ്ങുമെന്നാണോ ധരിച്ചത്? അതിനുള്ള ആളല്ല ജയരാജന്‍. ജനകീയനായ എല്‍ഡിഎഫ് പ്രവര്‍ത്തകനെന്ന നിലയില്‍ പലരും തന്നെ കാണാന്‍ വരും. ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍, ബിജെപി നേതാക്കള്‍, മറ്റ് പാര്‍ട്ടിക്കാര്‍, വൈദികന്മാര്‍, മുസ്ലീയാര്‍മാര്‍ തുടങ്ങി എല്ലാവിഭാഗത്തില്‍ പെട്ടവരും തന്നെ കാണാന്‍ വരുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങള്‍ക്കും ഇ.പി മറുപടി പറഞ്ഞു. തന്റെ മകനും ശോഭ സുരേന്ദ്രനും തമ്മില്‍ ഒരു ബന്ധവുമില്ല. കൊച്ചിയിലെ ഒരു ഹോട്ടലില്‍ അവനൊരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയി. അവിടെ വെച്ച് ശോഭ സുരേന്ദ്രന്‍ അവനോട് നമ്പര്‍ ചോദിച്ചു. ശോഭ സുരേന്ദ്രനും മോഡിയും ചില ബിജെപി നേതാക്കളുമുള്ള ഫോട്ടോകള്‍ അവര്‍ മകന്റെ ഫോണിലേക്ക് അയച്ചു. അവരുടെ മെസേജിനോടോ കോളിനോടോ അവന്‍ പ്രതികരിച്ചില്ല. ഇവരുടെ വഴിയൊന്നും ശരിയല്ലെന്ന് തോന്നിയ അവനത് ക്ലോസ് ചെയ്തുവെന്നുമാണ് ഇ.പിയുെ മറുപടി.

ദല്ലാള്‍ നന്ദകുമാര്‍ പല രാഷ്ട്രീയനേതാക്കളുമായി ബന്ധപ്പെടാന്‍ ശ്രമിക്കാറുണ്ട്. അതിലൊന്നും തങ്ങളെ ഭാഗഭാക്കേണ്ട കാര്യമില്ല. ഇതൊരു ആസൂത്രിതമായ ഗൂഢാലോചനയാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.