സംസ്ഥാനത്ത് നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ല; ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ അന്വേഷണം വേണമെന്ന് വി.ഡി സതീശന്‍

 സംസ്ഥാനത്ത് നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ല; ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ അന്വേഷണം വേണമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കനത്ത ചൂടില്‍ പല ബൂത്തുകളിലും വോട്ടര്‍മാര്‍ മണിക്കൂറുകള്‍ കാത്ത് നിന്ന ശേഷം മടങ്ങി. മടങ്ങിപ്പോയി തിരികെ വന്നവരില്‍ പലര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചില്ല എന്നും അദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ആറ് മണിക്ക് മുന്‍പ് പോളിങ് സ്റ്റേഷനില്‍ എത്തിയിട്ടും വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പലയിടങ്ങളിലും ഉണ്ടായി. മിക്കയിടത്തും മന്ദഗതിയിലാണ് വോട്ടിങ് നടന്നതെന്നും അദേഹം പറഞ്ഞു. നാലര മണിക്കൂര്‍ വരെ ചില വോട്ടര്‍മാര്‍ക്ക് കാത്ത് നില്‍ക്കേണ്ടി വന്നതായി റിപ്പോര്‍ട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തില്‍ ഗുരുതരമായഅനാസ്ഥയുണ്ടായെന്ന് സംശയിക്കാവുന്ന തരത്തിലാണ് വോട്ടിങ് നടന്നതെന്നും അദേഹം കുറ്റപ്പെടുത്തി.

പോളിങ് ശതമാനം കുറയാന്‍ കാരണമായതും ഉദ്യോഗസ്ഥ തലത്തിലെ മെല്ലെപ്പോക്കാണ്. വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാര്‍ കണ്ടെത്തിയ ബൂത്തുകളില്‍ പോളിങ് സമയം ദീര്‍ഘിപ്പിച്ച് നല്‍കിയില്ല. സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയില്‍ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ഉണ്ടായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.