ഫലമറിയാന്‍ ഇനി 39 നാള്‍; വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമുകളില്‍ വിശ്രമത്തില്‍

ഫലമറിയാന്‍ ഇനി 39 നാള്‍; വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമുകളില്‍ വിശ്രമത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. വോട്ടിങ് യന്ത്രങ്ങള്‍ ഇനി സ്ട്രോങ് റൂമുകളില്‍ ഒരു മാസം വിശ്രമത്തില്‍ ആയിരിക്കും. ഇന്നലെ അവസാന വോട്ട് രേഖപ്പെടുത്തിയത് രാത്രി 11.43 നാണ്. വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ 141 -ാം ബൂത്തിലാണ് (മുടപ്പിലാവില്‍ എല്‍.പി സ്‌കൂള്‍) ഏറ്റവും അവസാനം പോളിങ് നടന്നത്.

പോളിങ് വിലയിരുത്തലാവും ഇനി രണ്ട് നാള്‍. അതിനുശേഷം ചിലര്‍ അവധി ആഘോഷിക്കാന്‍ യാത്രകള്‍ക്ക് തയ്യാറെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതോടെ മാറ്റിവച്ച കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനും സമയം കണ്ടെത്തും.

യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ 20 സീറ്റിലും ജയിക്കുമെന്ന് അവകാശപ്പെടുമ്പോള്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസത്തിലാണ്. ബൂത്ത് അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത്-വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിങ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. കൂടാതെ പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.