പോളിങ് ശതമാനത്തില്‍ ഇടിവ്: കൂട്ടിയും കിഴിച്ചും മുന്നണികള്‍; പ്രതീക്ഷയ്‌ക്കൊപ്പം ആശങ്കയും

പോളിങ് ശതമാനത്തില്‍ ഇടിവ്: കൂട്ടിയും കിഴിച്ചും മുന്നണികള്‍; പ്രതീക്ഷയ്‌ക്കൊപ്പം ആശങ്കയും

തിരഞ്ഞെടുപ്പ് കമ്മീഷന്‍ എറ്റവും ഒടുവില്‍ പുറത്തുവിട്ട കണക്ക് പ്രകാരം 71.16 ശതമാനമാണ് കേരളത്തിലെ പോളിങ്.

കൊച്ചി: മുന്‍ ലോക്‌സഭ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കേരളത്തില്‍ പോളിങ് ശതമാനം കുറഞ്ഞത് മുന്നണികളെ ആശങ്കയിലാക്കി. പോളിങ് ശതമാനം കുറഞ്ഞത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണി നേതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും മുന്നണി ക്യാമ്പുകള്‍ ആശങ്കയില്‍ തന്നെയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലെ കണക്ക് അനുസരിച്ച് 2019 നെ അപേക്ഷിച്ച് ഏഴ് ശതമാനം കുറവാണ് കേരളത്തിലെ പോളിങ്. കമ്മീഷന്‍ എറ്റവും ഒടുവില്‍ പുറത്തുവിട്ട കണക്ക് പ്രകാരം 71.16 ശതമാനം പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 2019 ല്‍ മുന്‍വര്‍ഷം 77.84 ശതമാനമായിരുന്നു പോളിങ്.

ഒന്നര മാസത്തോളം നീണ്ടുനിന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു ഇത്തവണ കേരളത്തില്‍ അരങ്ങേറിയത്. എന്നാല്‍ ഈ ആവേശം വോട്ടായി മാറിയില്ല എന്നതാണ് വാസ്തവം. മണ്ഡലങ്ങളുടെ സൂക്ഷ്മ വിലയിരുത്തലിലേക്ക് പാര്‍ട്ടികള്‍ ഇന്ന് കടക്കും. കണക്കുകൂട്ടല്‍ എവിടെ പിഴച്ചു എന്നായിരിക്കും ഇനിയുള്ള ദിവസങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരിശോധിക്കുക.

രാവിലെ ബൂത്തുകളിലുണ്ടായ തിരക്ക് കണ്ടപ്പോള്‍ 2019 നെക്കാള്‍ ഉയര്‍ന്ന പോളിങ് ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഉച്ചയോടെ തിരക്ക് കുറഞ്ഞു. പൊതുവില്‍ റെക്കോര്‍ഡ് പോളിങ് പ്രതീക്ഷിച്ചിടത്ത് പോളിങ് കുറഞ്ഞതിതിന് കത്തുന്ന ചൂടാകാം കാരണമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലും കൊല്ലം, മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങളിലും പോളിങില്‍ കാര്യമായ കുറവുണ്ടായി. ആലപ്പുഴ മണ്ഡലത്തിലും പോളിംഗ് ശതമാനം കുറഞ്ഞു.

പൊതുവേ തണുപ്പന്‍ മട്ടിലാണ് മധ്യകേരളവും തിരഞ്ഞെടുപ്പിനോട് പ്രതികരിച്ചത്. കോട്ടയത്ത് പോളിങില്‍ വലിയ കുറവുണ്ടായത് ഇതിന് ഉദാഹരണം. യുഡിഎഫിന്റെ ഉരുക്ക് കോട്ടയായ എറണാകുളത്തും ഇടുക്കിയിലും ചാലക്കുടിയിലും പ്രതീക്ഷിച്ച പോളിങുണ്ടായില്ല.

തൃശൂരിലും ആലത്തൂരിലും വോട്ടെടുപ്പ് മന്ദഗതിയിലായിരുന്നു. പാലക്കാടും പോളിങില്‍ ഗണ്യമായ കുറവുണ്ടായി. 2019 നെക്കാള്‍ കുറവായിരുന്നു മലബാറിലെ മറ്റ് മണ്ഡലങ്ങളിലും പോളിങ്.

കേരളത്തിലെ 20 സീറ്റുകള്‍ ഉള്‍പ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലേക്കായിരുന്നു രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ഒന്നാം ഘട്ട വോട്ടടുപ്പിന് സമാനമായി ഇത്തവണയും ദേശീയ തലത്തില്‍ പോളിങ് ശതമാനത്തില്‍ ഇടിവ് രേഖപ്പെടുത്തി.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ പ്രകാരം 64.2 ശതമാനമാണ് രണ്ടാം ഘട്ടത്തിലെ പോളിങ്. 2019 ലെ കണക്കുകള്‍ പ്രകാരം ഇന്നലെ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ 69.64 ശതമാനമായിരുന്നു പോളിങ്. 102 സീറ്റുകളിലേക്ക് വോട്ടടുപ്പ് നടന്ന ഒന്നാം ഘട്ടത്തില്‍ 66 ശതമാനമായിരുന്നു പോളിങ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.