എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തെറിക്കുമോ?; നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇ.പിക്ക് നിര്‍ണായകം

 എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തെറിക്കുമോ?; നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇ.പിക്ക് നിര്‍ണായകം

കൊച്ചി: നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇ.പി ജയരാജന് നിര്‍ണായകമാകും. ജയരാജനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കടുത്ത അതൃപ്തിയുള്ള സാഹചര്യത്തിലാണ് നടപടിക്ക് സാധ്യത തെളിയുന്നത്.

കൂടിക്കാഴ്ച പാര്‍ട്ടിയില്‍ നിന്ന് ഇ.പി മറച്ചുവച്ചത് ഗൗരവതരമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല കൂടിക്കാഴ്ചയെക്കുറിച്ച് വോട്ടെടുപ്പ് ദിവസം രാവിലെ വെളിപ്പെടുത്തിയതും പൊറുക്കാനാവാത്ത തെറ്റെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്. ഇത് കൃത്യമായ തിരക്കഥയുടെ അടിസ്ഥാനത്തില്‍ ബിജെപിയുമായി ചേര്‍ന്ന് നടത്തിയതാണോ എന്നും പരിശോധിക്കും.

എല്‍ഡിഎഫ് കണ്‍വീണര്‍ സ്ഥാനത്ത് ഇ.പി ജയരാജന്‍ തുടരുന്നതില്‍ മുന്നണിയിലെ രണ്ടാമത്തെ ഘടക കക്ഷിയായ സിപിഐ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. സ്വന്തം തട്ടകമായ കണ്ണൂര്‍പോലും ഇ.പിയെ പൂര്‍ണമായും തള്ളിയ അവസ്ഥയിലാണിപ്പോള്‍. വിഭാഗീയത കത്തി നിന്ന കാലത്തടക്കം പാര്‍ട്ടി നേതൃത്വത്തിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഇ.പി ജയരാജനെതിരായ മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ സമ്പൂര്‍ണമായി പിന്തുണയ്ക്കുകയാണ് കണ്ണൂര്‍ ഘടകവും.

പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഎം ജില്ലാ സെക്രട്ടറിയുമായ എം.വി ജയരാജന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി പറഞ്ഞത് പാര്‍ട്ടി നേതൃത്വം പറയുന്നതായാണ് കണക്കാക്കുന്നതെന്നും അദേഹം എല്ലാ വശങ്ങളും നോക്കി പറഞ്ഞതാണെന്നും അതില്‍ നിന്ന് ഒരു വാചകവും മാറ്റാനില്ലെന്നുമാണ് എം.വി ജയരാജന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

ബന്ധുനിയമന വിവാദം മുതല്‍ കണ്ണൂരിലെ നേതാക്കള്‍ ഇ.പി ജയരാജനെ കാര്യമായി പിന്തുണച്ചിരുന്നില്ല. ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ ഇ.പി ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണം സിപിഎം സംസ്ഥാന സമിതിയില്‍ പി. ജയരാജന്‍ ഉന്നയിച്ചതും നേതാക്കള്‍ ശരിവച്ചതും തിരിച്ചടിയായിരുന്നു.

തുടര്‍ ഭരണം പാര്‍ട്ടിയിലുണ്ടാക്കിയ ജീര്‍ണതയും സംഘടനാപരമായ അടിയന്തര കടമയും സംബന്ധിച്ച തെറ്റുതിരുത്തല്‍ രേഖയുടെ ചര്‍ച്ചയിലാണ് പി. ജയരാജന്‍ അന്ന് തുറന്നടിച്ചത്. പാര്‍ട്ടി അന്വേഷിച്ച ഈ ആരോപണത്തിലും നടപടി ഉണ്ടാവാതിരുന്നത് പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.

വ്യക്തിപൂജ വിവാദത്തില്‍ പി. ജയരാജനെതിരേ നടപടിക്ക് തിടുക്കം കാട്ടിയ പാര്‍ട്ടിക്ക് ഇ.പിയോട് മൃദു സമീപനമാണെന്ന നിലപാട് പി. ജയരാജനെ പിന്തുണയ്ക്കുന്നവര്‍ക്ക് ഉണ്ടായിരുന്നു.

ബിജെപി നേതാവ് വീട്ടിലെത്തി തന്നെ കണ്ടത് പാര്‍ട്ടിയെ അറിയിക്കാത്തതില്‍ ഇ.പി നടപടി പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ അംഗത്തിന്റെ ഘടകം അച്ചടക്കനടപടി എടുക്കണമെന്നാണ് സംഘടനാ രീതി. സംസ്ഥാന കമ്മിറ്റിയും പിബിയും ചര്‍ച്ച ചെയ്ത് നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലാവും കേന്ദ്ര കമ്മിറ്റി നടപടി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.