ക്രൈസ്തവ യുവതികളുടെ പേര് പറഞ്ഞ് ആരും വര്‍ഗീയതയ്ക്ക് ശ്രമിക്കേണ്ട: മാര്‍ ജോസഫ് പാംപ്ലാനി

ക്രൈസ്തവ യുവതികളുടെ പേര് പറഞ്ഞ് ആരും വര്‍ഗീയതയ്ക്ക് ശ്രമിക്കേണ്ട: മാര്‍ ജോസഫ് പാംപ്ലാനി

'ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ സ്വയം പ്രഖ്യാപിത സംരക്ഷകരാകാന്‍ ആരും ശ്രമിക്കേണ്ടതില്ല. അവരുടെ രക്ഷകന്‍ കര്‍ത്താവായ ക്രിസ്തുവാണ്'.

കണ്ണൂര്‍: പ്രണയക്കെണിയുടെ പേരില്‍ വര്‍ഗീയ വിഷം ചീറ്റാന്‍ ആരേയും അനുവദിക്കരുതെന്നും ക്രൈസ്തവ യുവതികളുടെ പേര് പറഞ്ഞ് ആരും വര്‍ഗീയതയ്ക്ക് ശ്രമിക്കേണ്ടെന്നും തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കണ്ണൂര്‍ ചെമ്പേരിയിലെ കെസിവൈഎം യുവജന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

'ദി കേരള സ്റ്റോറി' എന്ന സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഉയന്ന വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മാര്‍ പാംപ്ലാനിയുടെ പ്രതികരണം. ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ സ്വയം പ്രഖ്യാപിത സംരക്ഷകരാകാന്‍ ആരും ശ്രമിക്കേണ്ടതില്ല. അവരുടെ രക്ഷകന്‍ കര്‍ത്താവായ ക്രിസ്തുവാണ്.

നമ്മുടെ പെണ്‍കുട്ടികളുടെ പേരു പറഞ്ഞ് ഒരു വര്‍ഗീയ ശക്തികളും ഇവിടെ വര്‍ഗീയ വിഷം വിതയ്ക്കാന്‍ പരിശ്രമിക്കേണ്ട. അവരെ സംരക്ഷിക്കാന്‍ നമ്മുടെ സമുദായത്തിനറിയാം. നമ്മുടെ പെണ്‍കുട്ടികളുടെ അഭിമാനത്തിന് വിലപറയാന്‍ ഇനി ഒരാളെ പോലും അനുവദിക്കില്ലെന്നും ബിഷപ് പറഞ്ഞു.

ക്രൈസ്തവ യുവതികളെ ലവ് ജിഹാദില്‍പ്പെടുത്തി മതം മാറ്റുന്നുവെന്ന പ്രചാരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികള്‍ ആത്മാഭിമാനമുള്ളവരും വിവേകമുള്ളവരുമാണ്. തലശേരിയിലെ ഒരു പെണ്‍കുട്ടിയെപ്പോലും ആര്‍ക്കും പ്രണയക്കുരുക്കിലോ ചതിയിലോ പെടുത്താനാകില്ല. ഇവിടുത്തെ യുവജനങ്ങള്‍ പ്രബുദ്ധരാണന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.