ഇ. പിയുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ; കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ജയരാജൻ

ഇ. പിയുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ; കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ജയരാജൻ

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ. പി ജയരാജനുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയതായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ദല്ലാൾ നന്ദകുമാറാണ് തന്നെ ഇ. പി ജയരാജനുമായി പരിചയപ്പെടുത്തുന്നത്. നന്ദകുമാറിന്റെ സാന്നിധ്യത്തിൽ മൂന്ന് തവണ ഇ. പിയുമായി കൂടിക്കാഴ്ച നടത്തി. വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽവെച്ചും പിന്നീട് ഡൽഹി ലളിത് ഹോട്ടലിലും മൂന്നാമത് തൃശൂർ രാമനിലയത്തിലുമാണ്‌ കൂടിക്കാഴ്ചകൾ നടന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

എന്നാൽ ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇ.പി ജയരാജന്‍ ആവര്‍ത്തിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണം. എന്നെപോലൊരാള്‍ എന്തിനാണ് ശോഭാ സുരേന്ദ്രനോട് സംസാരിക്കുന്നത്. ശോഭാ സുരേന്ദ്രനെ എനിക്ക് പണ്ടേ ഇഷ്ടമല്ല. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഇ. പി ജയരാജന്‍ തള്ളി. അല്‍പ്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ? ഞാന്‍ ബിജെപിയില്‍ ചേരുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോയെന്നും ഇ. പി ചോദിച്ചു.

അതേ സമയം ശോഭ പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് വിവാദ ഇടനിലക്കാരൻ നന്ദകുമാർ പറഞ്ഞു. കൂടിക്കാഴ്ചയില്‍ ഇ. പിക്ക് ഒരു റോളുമില്ല. ഇ. പിയുടെ മകന്റെ ഫ്ലാറ്റില്‍ കൂടിക്കാഴ്ച നടത്തിയെന്നത് സത്യമാണ്. അതില്‍ ശോഭയില്ലായിരുന്നു. അവര്‍ക്കു പങ്കുമില്ല. ജയരാജൻ കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയിലോ ഗള്‍ഫിലോ പോയിട്ടില്ലെന്നും നന്ദകുമാർ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.