വയനാട് നെല്ലിയാമ്പം ഇരട്ട കൊലപാതകം; പ്രതി അര്‍ജുന് വധ ശിക്ഷ

വയനാട് നെല്ലിയാമ്പം ഇരട്ട കൊലപാതകം; പ്രതി അര്‍ജുന് വധ ശിക്ഷ

കല്‍പ്പറ്റ: വയനാട് നെല്ലിയാമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ. കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. റിട്ടയേര്‍ഡ് അധ്യാപകനായ നെല്ലിയാമ്പത്ത് പത്മലയത്തില്‍ കേശവന്‍, ഭാര്യ പത്മാവതിയമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്.

2021 ജൂണ്‍ 10 ന് രാത്രി എട്ടരയോടെയാണ് അരുംകൊലകള്‍ നടന്നത്. മോഷണ ശ്രമത്തിനിടെ അര്‍ജുന്‍ വൃദ്ധ ദമ്പതികളെ വെട്ടുകയായിരുന്നു. കേശവന്‍ സംഭവ സ്ഥലത്തും പത്മാവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമായിരുന്നു മരിച്ചത്. ദമ്പതികളുടെ അയല്‍വാസിയായിരുന്നു പ്രതി.

മുംഖംമൂടി ധരിച്ചെത്തിയ രണ്ടുപേര്‍ ദമ്പതികളെ ആക്രമിക്കുകയായിരുന്നു എന്നാണ് ആദ്യം പൊലീസിന് ലഭിച്ച വിവരം. എന്നാല്‍ ഫോറന്‍സിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്ന് മാസത്തിനുള്ളില്‍ അര്‍ജുന്‍ പിടിയിലായത്.

ചോദ്യം ചെയ്യലിനിടെ അര്‍ജുന്‍ സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടുകയും അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി പ്രദേശവാസികളടക്കം നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.

കൃത്യം നടത്താന്‍ പ്രതിയെ മറ്റാരെങ്കിലും സഹായിച്ചോ എന്ന് പൊലീസിന് തുടക്കത്തില്‍ സംശയമുണ്ടായിരുന്നു. ബംഗളൂരുവിലെയും ചെന്നൈയിലെയും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ജോലി ചെയ്തിരുന്ന അര്‍ജുന്‍ ലോക്ഡൗണ്‍ സമയത്താണ് നാട്ടിലെത്തിയത്. ജോലി പോയതോടെ നാട്ടില്‍ കൂലിവേല ചെയ്ത് വരികയായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.