താപനില മുന്നറിയിപ്പ്: ഇന്ന് മുതല്‍ മെയ് മൂന്ന് വരെ കൊടുംചൂട്; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ

താപനില മുന്നറിയിപ്പ്: ഇന്ന് മുതല്‍ മെയ് മൂന്ന് വരെ കൊടുംചൂട്; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ

തിരുവനന്തപുരം: ചൂടില്‍ വെന്തുരുകുന്ന സംസ്ഥാനത്ത് വരും ദിവസങ്ങളിലും കൊടും ചൂടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിപ്പ്.

പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഉഷ്ണ തരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഏപ്രില്‍ 29 മുതല്‍ മെയ് മൂന്ന് വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരും.

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉഷ്ണ തരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ- ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യതാപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.