ഇ.പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം; പിണറായി ജാവദേക്കറെ കണ്ടത് എവിടെ വെച്ചാണ് എന്ന് വ്യക്തമാക്കണം: വി.ഡി സതീശന്‍

ഇ.പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം; പിണറായി ജാവദേക്കറെ കണ്ടത് എവിടെ വെച്ചാണ് എന്ന് വ്യക്തമാക്കണം: വി.ഡി സതീശന്‍

'ഇ.പി ജയരാജന്റെ നാവിന്‍ തുമ്പിലുള്ളത് സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും ഒന്നാകെ തകര്‍ക്കാനുള്ള ബോംബുകള്‍'.

തിരുവനന്തപുരം: ഇ.പി ജയരാജനെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയമാണന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഏജന്റായി ബിജെപിയുമായി സംസാരിച്ച ഇ.പി ജയരാജനെതിരെ ചെറുവിരല്‍ അനക്കാനുള്ള ധൈര്യം കേരളത്തിലെ സിപിഎമ്മിനില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ആര്‍ക്ക് വേണമെങ്കിലും ബിജെപിയിലേക്ക് പോകാമെന്ന ഗ്രീന്‍ സിഗ്നല്‍ നല്‍കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കൊടിയ അഴിമതി നടത്തിയവരേയും അതിന്റെ പ്രതിഫലം പറ്റിയവരേയും സംരക്ഷിക്കാന്‍ വര്‍ഗീയതയുമായി സിപിഎം സന്ധി ചെയ്തു.

ഇ.പി ജയരാജന്‍ മാത്രമല്ല മുഖ്യമന്ത്രിയും പ്രകാശ് ജാവദേക്കറുമായി പല തവണ സംസാരിച്ചിട്ടുണ്ട്. ഇ.പിക്കെതിരെ നടപടി എടുത്താന്‍ മുഖ്യമന്ത്രിക്ക് എതിരെയും നടപടി വേണ്ടി വരും. അപ്പോള്‍ പിണറായി വിജയനെയും കൂട്ടു പ്രതിയായ ഇ.പി ജയരാജനെയും സംരക്ഷിക്കുകയെന്ന നാണംകെട്ട മാര്‍ഗം മാത്രമേ സിപിഎമ്മിന് മുന്നിലുള്ളൂ.

ഇ.പി ജയരാജന്റെ നാവിന്‍ തുമ്പിലുള്ളത് സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും ഒന്നാകെ തകര്‍ക്കാനുള്ള ബോംബുകളാണ്. അതുകൊണ്ട് തന്നെ ജയരാജന് എതിരെ നടപടി എടുക്കാനുള്ള ധൈര്യമോ ആര്‍ജവമോ സിപിഎമ്മിനില്ല. ജയരാജന് ബിജെപിയിലേക്ക് പോകാന്‍ സമ്മതം നല്‍കുക കൂടിയാണ് സിപിഎം ഇന്ന് ചെയ്തത്.

മുഖ്യമന്ത്രി എവിടെ വച്ചാണ് ജാവദേക്കറുമായി സംസാരിച്ചതെന്ന് കൂടി സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ബിജെപി നേതാക്കളെ കണ്ടാല്‍ സിപിഎമ്മിന്റെ പ്രത്യയശാസ്ത്രം തകരും എന്നത് പൈങ്കിളി സങ്കല്‍പ്പമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പറയുന്നു.

ഇ.പി ജയരാജനും എസ്. രാജേന്ദ്രനും പിന്നാലെ വരുന്നവര്‍ക്കും ബിജെപിയിലക്ക് വഴിവെട്ടുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയെന്നും വി.ഡി സതീശന്‍ ആരോപിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.