'കായിക മത്സരങ്ങള്‍ രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാല് വരെ വേണ്ട'; നിയന്ത്രണവുമായി സംസ്ഥാന സര്‍ക്കാര്‍

 'കായിക മത്സരങ്ങള്‍ രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാല് വരെ വേണ്ട'; നിയന്ത്രണവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ കായിക മത്സരങ്ങള്‍ക്ക് നിയന്ത്രണവുമായി സംസ്ഥാന സര്‍ക്കാര്‍. രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാല് വരെ ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ നടത്തരുതെന്നാണ് കായിക വകുപ്പ് അറിയിച്ചിരിക്കുന്നത്.

കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നിര്‍ദേശ പ്രകാരമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കായികപരിശീലനം, വിവിധ സെലക്ഷന്‍ ട്രയല്‍സ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. കടുത്ത ചൂടു തുടരുന്നത് വരെ നിയന്ത്രണം നിലനില്‍ക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ കായിക താരങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു.

അതിനിടെ സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഇന്നും ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 12 ജില്ലകളിലാണ് ഉയര്‍ന്ന താപനില മുന്നറിയിപ്പുള്ളത്. പാലക്കാട്, തൃശൂര്‍, കോഴിക്കോട്, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം, കാസര്‍ക്കോട്, മലപ്പുറം ജില്ലകളിലാണ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് ഉള്ളത്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.