ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഇന്ന് മുതല്‍; പ്രതിഷേധവുമായി സ്‌കൂളുകള്‍

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഇന്ന് മുതല്‍; പ്രതിഷേധവുമായി സ്‌കൂളുകള്‍

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നതിനിടെ ശക്തമായ പ്രതിഷേധവുമായി ഡ്രൈവിംഗ് സ്‌കൂളുകള്‍. ടെസ്റ്റ് ബഹിഷ്‌കരിക്കാനും കരിദിനം ആചരിക്കാനുമാണ് തീരുമാനം. കേരളത്തിലെ എല്ലാ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും പണിമുടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള പുതിയ ട്രാക്കുകള്‍ കേരളത്തില്‍ ഒരിടത്തും തയ്യാറായിട്ടില്ലെന്ന് സ്‌കൂള്‍ ഉടമകള്‍ പറയുന്നു. ഡ്രൈവിങ് സ്‌കൂള്‍ വഴി രജിസ്റ്റര്‍ ചെയ്യാതെ നേരിട്ട് രജിസ്റ്റര്‍ ചെയ്തവര്‍ ടെസ്റ്റില്‍ പങ്കെടുക്കുന്നതിലും പ്രതിഷേധിക്കും. മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുകെട്ടിയാണ് പ്രതിഷേധിക്കുന്നത്. ടെസ്റ്റിനുള്ള വാഹനങ്ങള്‍ വിട്ടുനല്‍കില്ലെന്നും പരിഷ്‌കരണം അപ്രായോഗികമാണെന്നും ഉടമകള്‍ പറയുന്നു.

സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളുടെ കീഴിലുള്ള ഡ്രൈവിങ് സ്‌കൂളുകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടക്കുന്നത്. അതേസമയം പുതിയ പരിഷ്‌കരണത്തില്‍ ഇതുവരെ സര്‍ക്കുലര്‍ ഇറക്കിയിട്ടില്ല. പ്രതിദിന ടെസ്റ്റ് 60 ആക്കാന്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നു. ഗതാഗത കമ്മീഷണര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കാത്തതില്‍ ആര്‍ടിഒമാരും ആശയക്കുഴപ്പത്തിലാണ്.

നാല് ചക്രവാഹനങ്ങള്‍ക്ക് റോഡ് ടെസ്റ്റിന് ശേഷമായിരിക്കും 'എച്ച്' ടെസ്റ്റ് നടത്തുക. റോഡ് ടെസ്റ്റില്‍ വിജയിച്ചാല്‍ മാത്രമേ എച്ച് എടുക്കാന്‍ അനുവദിക്കൂ. നിലവില്‍ തിരിച്ചാണ്. ടെസ്റ്റ് കര്‍ശനമാക്കുന്നതിന്റെ ഭാഗമാണിത്. പലപ്പോഴും റോഡ് ടെസ്റ്റ് വഴിപാടായി മാറുന്നുവെന്ന വിമര്‍ശനം ഒഴിവാക്കാന്‍ കൂടിയാണ് പുതിയ പരിഷ്‌കാരം. ട്രാഫിക് നിയമങ്ങള്‍ മനസിലാക്കി നന്നായി വാഹനമോടിക്കാനായാല്‍ എച്ച് ടെസ്റ്റ് കഠിനമായി തോന്നില്ലെന്നും വിലയിരുത്തുന്നു.

പുതുതായി 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റില്‍ ഉള്‍പ്പെട്ട 20 പേര്‍ക്കുമടക്കം 60 പേര്‍ക്കായിരിക്കും ദിവസവും ടെസ്റ്റ് നടത്തുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.