പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍; ടെസ്റ്റ് നിര്‍ത്തി വച്ചു: പിന്നോട്ടില്ലെന്ന് മന്ത്രി

പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍; ടെസ്റ്റ് നിര്‍ത്തി വച്ചു: പിന്നോട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ നടപ്പാക്കാനിരുന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പായില്ല. ഡ്രൈവിങ് സ്‌കൂള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് കേന്ദ്രങ്ങള്‍ ഉപരോധിച്ചതോടെയാണിത്. പരിഷ്‌കരണത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെ ടെസ്റ്റ് നിര്‍ത്തി വച്ചു.

എന്നാല്‍ പ്രതിഷേധം കണ്ട് പിന്‍വാങ്ങില്ലെന്നും പരിഷ്‌കരണവുമായി മുന്നോട്ടുപോകുമെന്നുമാണ് മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ പ്രതികരണം. പലയിടത്തും ഗ്രൗണ്ട് അടച്ചുകെട്ടിയ ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ വാഹനങ്ങള്‍ കടത്തി വിട്ടില്ല. അപ്രായോഗിക നിര്‍ദേശമെന്നും നടപ്പാക്കാനാകില്ലെന്നുമാണ് ഡ്രൈവിങ് സ്‌കൂളുകാരുടെ നിലപാട്.

പ്രതിഷേധത്തെ തുടര്‍ന്ന് പലയിടത്തും ടെസ്റ്റ് നടത്താനാകാതെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തിരികെ പോയി. പലയിടത്തും മന്ത്രിയുടെ അപ്രായോഗിക നിര്‍ദേശങ്ങള്‍ക്കെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ രൂക്ഷമായ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നു. വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ഡ്രൈവിങ് സ്‌കൂള്‍ സംയുക്ത സമരസമിതിയുടെ ആവശ്യം.

എന്നാല്‍, പ്രതിദിനം 60 പേര്‍ക്ക് ടെസ്റ്റ് നടത്തുന്നതിനായി പുതുക്കിയ സര്‍ക്കുലര്‍ ഇറക്കാത്തതില്‍ ആര്‍ടിഒമാര്‍ക്കിടയില്‍ ആശയക്കുഴപ്പം തുടരുകയാണ്. പ്രതിദിനം 30 പേര്‍ക്ക് ടെസ്റ്റ് നടത്താനുള്ള സര്‍ക്കുലറാണ് നിലവിലുള്ളത്. ഈ വിവാദ സര്‍ക്കുലര്‍ നിലനില്‍ക്കെ വാക്കാല്‍ മാത്രമാണ് ഇളവുകള്‍ മന്ത്രി നിര്‍ദേശിച്ചതെന്നും ഉത്തരവായി ഇറക്കിയിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഫെബ്രുവരി മാസത്തെ സര്‍ക്കുലര്‍ നിലനില്‍ക്കുമ്പോള്‍ പുതിയ ഉത്തരവ് നിയമ വിരുദ്ധമാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 60 പേര്‍ക്ക് ടെസ്റ്റ് നടത്താനുള്ള വാക്കാല്‍ നിര്‍ദേശം പാലിക്കേണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

നേരത്തെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഡ്രൈവിങ് ടെസ്റ്റ് 50 ആക്കാന്‍ വാക്കാല്‍ നിര്‍ദേശിച്ച മന്ത്രി പിന്നീട് തള്ളി പറഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തോടെ മന്ത്രിയും ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കവും ഇതോടെ രൂക്ഷമായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.