സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

 സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വകാര്യ സന്ദര്‍ശനത്തിന് ദുബായിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് മുഖ്യമന്ത്രി ദുബായിലേക്ക് തിരിച്ചത്. സ്വകാര്യ സന്ദര്‍ശനമാണെന്ന് കാണിച്ച് യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് സന്ദര്‍ശനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സാധാരണ സര്‍ക്കാര്‍ തന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യ സന്ദര്‍ശനം ആയതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.

മകന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് യാത്രയെന്നാണ് വിശദീകരണം. 15 ദിവസത്തില്‍ കൂടുതല്‍ യാത്രയുണ്ടാകുമെന്നാണ് വിവരം. മറ്റ് ഏതെങ്കിലും രാജ്യങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും ദുബായിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ദുബായ്ക്ക് പുറമെ ഇന്തോനേഷ്യയിലും സിംഗപ്പൂരിലും റിയാസും വീണയും സന്ദര്‍ശനം നടത്തും. 19 ദിവസത്തേക്കാണ് റിയാസിന് യാത്ര അനുമതി.

അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതു പരിപാടികള്‍ മാറ്റിവെച്ചാണ് യാത്ര. ഓഫീസില്‍ കുറച്ചു ദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി എന്നാണ് മടങ്ങി വരുന്നതെന്ന കാര്യത്തിലും വ്യക്തതയില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.