മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴല്‍നാടന്റെ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴല്‍നാടന്റെ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയും അടക്കം ഏഴ് പേര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി.

ഹര്‍ജി നിരസിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. ആദ്യം വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണം എന്നായിരുന്നു മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ഈ ആവശ്യത്തില്‍ നിന്നും മാറി, കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

സിഎംആര്‍എല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചുവെന്നാണ് മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നത്. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നല്‍കിയതിന് തെളിവുകള്‍ ഹാജരാക്കാന്‍ കുഴല്‍നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അഞ്ച് രേഖകള്‍ കോടതിയില്‍ നല്‍കിയിരുന്നു. സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നതിന് തെളിവായ രേഖകളാണ് ഹാജരാക്കിയതെന്നും കുഴല്‍നാടന്‍ അവകാശപ്പെട്ടു. എന്നാല്‍ ഈ രേഖകളില്‍ സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്നായിരുന്നു വിജിലന്‍സിന്റെ വാദം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.