ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ഓര്‍ഡിനറി ട്രൈബൂണല്‍ പ്രസിഡന്റ്; സഭാ കാര്യാലയത്തില്‍ പുതിയ നിയമനങ്ങള്‍

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ഓര്‍ഡിനറി ട്രൈബൂണല്‍ പ്രസിഡന്റ്; സഭാ കാര്യാലയത്തില്‍ പുതിയ നിയമനങ്ങള്‍

കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ഓര്‍ഡിനറി ട്രൈബൂണലിന്റെ പ്രസിഡന്റായും വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള പോസ്റ്റുലേറ്റര്‍ ജനറലായും കല്യാണ്‍ രൂപതാംഗമായ ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ നിയമിതനായി.

ഈ ചുമതലകള്‍ വഹിച്ചിരുന്ന ഫാ. തോമസ് ആദോപ്പിള്ളില്‍ കോട്ടയം അതിരൂപതയുടെ ജുഡീഷ്യല്‍ വികാരിയായും ചാന്‍സലറായും നിയമിതനായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഫാ. എലുവത്തിങ്കലിനെ നിയമിച്ചിരിക്കുന്നത്.

സീറോ മലബാര്‍ മിഷന്‍, സുവിശേഷവല്‍കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കുമായുള്ള കമ്മീഷന്‍, ദളിത് വികാസ് സൊസൈറ്റി എന്നിവയുടെ സെക്രട്ടറിയായും അദേഹം പ്രവര്‍ത്തിക്കും.


1995 ല്‍ വൈദികനായ ഫാ. എലുവത്തിങ്കല്‍ തൃശൂര്‍ അതിരൂപതയിലെ ചൊവ്വൂര്‍ ഇടവകാംഗമാണ്. കല്യാണ്‍, ഷംഷാബാദ് രൂപതകളുടെ വികാരി ജനറല്‍, ജുഡീഷ്യല്‍ വികാരി, ചാന്‍സലര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. എം.എസ്.ടി സമര്‍പ്പിത സമൂഹാംഗമായ ഫാ. സിജു അഴകത്താണ് കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഈ ശുശ്രൂഷകള്‍ നിര്‍വഹിച്ചിരുന്നത്.

അപ്പല്ലേറ്റ് സേഫ് എന്‍വയോണ്‍മെന്റ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ ആയി വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിലെ അധ്യാപകനായ ഫാ. ജോര്‍ജ് തെക്കേക്കരയെയും കമ്മിറ്റി അംഗമായി ഫാ. ജെയിംസ് തലച്ചെല്ലൂരിനെയും നിയമിച്ചു. മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കൂരിയയുടെ ഫിനാന്‍സ് ഓഫീസറായി സേവനം ചെയ്തു വരുന്ന പാലാ രൂപതാംഗമായ ഫാ. ജോസഫ് തോലാനിക്കലിനെ അഞ്ച് വര്‍ഷത്തേക്ക് കൂടി പുനര്‍നിയമിച്ചു.

സഭാ കാര്യാലയത്തില്‍ ശുശ്രൂഷ ചെയ്തിരുന്ന ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ജോര്‍ജ് മഠത്തിപ്പറമ്പിലിന് യാത്രയയപ്പ് നല്‍കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.