യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അതിരപ്പിള്ളിയില്‍ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന

യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അതിരപ്പിള്ളിയില്‍ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന

തൃശൂര്‍: അതിരപ്പിള്ളി മേഖലയിലേക്ക് എത്തിയ വിനോദ സഞ്ചാരികളുടെ കാറിന് നേരെ കാട്ടാന പാഞ്ഞടുത്തു. റോഡിന് ഇരുവശവും നിന്നിരുന്ന ആനക്കൂട്ടത്തില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയ പിടിയാനയാണ് കാറിന് നേരെ പാഞ്ഞടുത്തത്. ഇന്നലെ വൈകിട്ട് അഞ്ചോടെ ആയിരുന്നു സംഭവം.

ആന വരുന്നത് കണ്ട് കാര്‍ പിന്നോട്ടെടുത്ത് തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ചാലക്കുടി-മലക്കപ്പാറ അന്തര്‍സംസ്ഥാന പാതയില്‍ ആനക്കയത്ത് വച്ചായിരുന്നു സംഭവം. മലക്കപ്പാറയില്‍ നിന്നും തിരികെ വരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.

എതിര്‍ ദിശയില്‍ ഉണ്ടായിരുന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കാട്ടാന പിന്നീട് കാടുകയറി. കഴിഞ്ഞ ദിവസവും ഇതേ റൂട്ടില്‍ കാട്ടാന വാഹനങ്ങള്‍ തടഞ്ഞിരുന്നു. വെറ്റിലപ്പാറ ചിക്ലായി പെട്രോള്‍ പമ്പിന് സമീപമാണ് കൊമ്പന്‍ വഴി തടഞ്ഞത്. കാട്ടാന റോഡില്‍ നിലയുറപ്പിച്ചതോടെ ഗതാഗതം തടസപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.