വത്തിക്കാൻ സിറ്റി: വത്തിക്കാനിലെത്തി ലിയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിച്ച് തൊപ്പി സമ്മാനമായി നൽകി സിഡ്‌നിയിലെ നവ ദമ്പതികളായ ജെയിംസ് ലുവും ഫിയോണ ചോയിയും. അകുബ്ര തൊപ്പിയാണ് ഇവർ പാപ്പയ്ക്ക് സമ്മാനിച്ചത്. ഓസ്ട്രേലിയൻ സംസ്കാരത്തിന്റെ അഭിമാനമായ അകുബ്ര തൊപ്പി കങ്കാരു തോൽ, പ്രത്യേക തുണിത്തരങ്ങൾ എന്നിവ ചേർത്താണ് നിർമിച്ചിരിക്കുന്നത്. ഓപൽ രത്‌നവും തൊപ്പിയിൽ പതിപ്പിച്ചിട്ടുണ്ട്.
രണ്ട് മാസം മുമ്പ് വിവാഹിതരായ ദമ്പതികൾ വിവാഹ വസ്ത്രം ധരിച്ചാണ് സെന്റ് പീറ്റേഴ്സ് സ്ക്വയറിലെത്തിയത്. പൊതു സദസിനിടെ പാപ്പയെ കാണാൻ കഴിയുമെന്ന് ഉറപ്പില്ലെങ്കിലും അവസരം ലഭിച്ചാൽ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നതായി ദമ്പതികൾ പറഞ്ഞു.
“ലിയോ പാപ്പയുടെ തൊപ്പിയുടെ വലുപ്പം അറിയുന്നതിനായി ചാറ്റ്ജിപിടിയിൽ പാപ്പായുടെ നൂറുകണക്കിന് ഫോട്ടോകൾ തിരഞ്ഞു. പാപ്പയോട് ‘ഹായ്’ പറയാൻ അവസരം ലഭിക്കുമോ ഇല്ലയോ എന്ന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. പ്രതീക്ഷകൾക്കതീതമായി പാപ്പായെ കാണാനും തൊപ്പി നൽകാനുനും സാധിച്ചു. വളരെ സൗമ്യനും ദയാലുവുമായിരിന്നു പാപ്പ. ഞങ്ങൾ പറയുന്നത് കേൾക്കാൻ അദേഹം തയ്യാറായി. ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്” - ദമ്പതികൾ പറഞ്ഞു.
കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് വൈറലായി.