ക്വാലാലംപൂര്‍: മതം യുദ്ധത്തിനുള്ള ആയുധമാക്കരുതെന്ന് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്. ലോകമെമ്പാടും ഉടലെടുത്തിരിക്കുന്ന യുദ്ധത്തിന്റെ സാഹചര്യത്തിൽ "സംഘർഷ പരിഹാരത്തിൽ മതനേതാക്കളുടെ പങ്ക്" എന്ന വിഷയത്തിൽ ക്വാലാലംപൂരിൽ നടന്ന അന്താരാഷ്ട്ര മതനേതാക്കളുടെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു കർദിനാൾ.
"ലോകത്തിന്റെ നിലവിലെ സാഹചര്യത്തിൽ സമ്മേളനത്തിന്റെ പ്രമേയം ഏറെ പ്രാധാന്യമർഹിക്കുന്നു. അക്രമത്തിനും അന്യായമായ വിവേചനത്തിനുമെതിരെ ശബ്ദമുയർത്തുവാനും സംഘർഷങ്ങൾക്ക് കാരണമാകുന്ന മൂലകാരണങ്ങളെ ധൈര്യത്തോടെ അഭിസംബോധന ചെയ്യുന്നതിനും മതനേതാക്കൾക്ക് കടമയുണ്ട്."- കർദിനാൾ പറഞ്ഞു.
"വിഭജനത്തിന് ആക്കം കൂട്ടുന്നതിനോ ആക്രമണത്തെ ന്യായീകരിക്കുന്നതിനോ ഉള്ള സൗകര്യപ്രദമായ ഉപകരണമായി മതത്തെ ചിലർ പലപ്പോഴും ചൂഷണം ചെയ്യുന്നുണ്ട്. ചില മതനേതാക്കന്മാർ പ്രത്യക്ഷമായോ പരോക്ഷമായോ സംഘർഷങ്ങൾ ആളിക്കത്തിക്കുകയോ ജ്വലിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്ന കാര്യം നിഷേധിക്കുവാൻ സാധിക്കുകയില്ല." - കർദിനാൾ പറഞ്ഞു.
" മത തീവ്രവാദം, വംശീയ-മത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, കർക്കശമായ മൗലികവാദം തുടങ്ങിയ പ്രതിഭാസങ്ങളിൽ ഇത് പ്രകടമാണ്. മതങ്ങളുടെ തത്വസംഹിതകളും പാരമ്പര്യങ്ങളും ചരിത്രങ്ങളും തിരുത്തിയെഴുതുവാനും ഇക്കൂട്ടർ മടിക്കുന്നില്ല. സമാധാനത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ഭാവി സൃഷ്ടിക്കുന്നതിനായി ഭയത്തിന്റെയും അജ്ഞതയുടെയും വിദ്വേഷത്തിന്റെയും മതിലുകൾ തകർക്കുവാനുള്ള ധൈര്യം ഏവരും സംഭരിക്കണം" - കർദിനാൾ കൂട്ടിച്ചേർത്തു.