വേനലിൽ മഴകാത്ത
മലമുഴക്കിവേഴാമ്പലകലേക്ക്
പറന്നകന്നൂ ...
ചുണ്ടിൽ ഇറ്റുവീഴ്ത്തുവാൻ
നീയെന്നും കുളിരാർന്ന
നീർകണമായ് മാറണം,
ചൂടേറി മണ്ണിലെ
തവരകളൊക്കെയും കരിഞ്ഞു
തൊട്ടാർ വാടികൾ വാടി നിന്നു.
മഴയായ് പെയ്തിറങ്ങണം
തളർന്നു പോയ സിരകളിൽ
നീ രണമായ് ഒഴുകണം,
അടരാടിയുയരണം പാരിലെ
പൊയ്മുഖമൊക്കെയും
മടികൂടാതെ വലിച്ചു കീറണം.
കാറ്റിന്നു മുമ്പേ പറക്കുവാൻ
ചിറകുകൾ ഒരുക്കി വയ്ക്കണം,
വേടൻ്റെയമ്പേറ്റ്
പിടയാതിരിക്കുവാൻ
കണ്ണുകൾ തുറന്നു പിടിക്കണം.
ചിരിയൊട്ടുമില്ലാതെ ചിലർ
ഉള്ളിലുണങ്ങാത്ത
മുറിവുകൾ നിറഞ്ഞും
ഉള്ളിലെ താപത്താൽ
വെന്തു നീറിയും,
തളർന്നുവീഴാതിരിക്കുവാൻ
നീ താങ്ങാവണം താപമകറ്റണം,
മുറിവുകളൊക്കെയും
കനിവോടെ വച്ചു കെട്ടണം,
സമയമങ്ങു വേഗം പോയ് മറയും
നീ അലകടലിൻ
തിരപോലുയരണം,
നിത്യം നിലക്കാത്ത സ്നേഹ-
പ്രവാഹങ്ങളാവണം,
ചൂടേറ്റ് തളർന്ന മണ്ണിൻ്റെ
ദാഹം നീ തീർക്കണം ...