തദേശ വാര്‍ഡ് വിഭജനം: ഓര്‍ഡിനന്‍സ് മടക്കി അയച്ച് ഗവര്‍ണര്‍

 തദേശ വാര്‍ഡ് വിഭജനം: ഓര്‍ഡിനന്‍സ് മടക്കി അയച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: തദേശ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി അയച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്ഭവന്റെ നടപടി. ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു.

ഗവര്‍ണര്‍ ഒപ്പിടാതെ ഓര്‍ഡിനന്‍സ് ഫയല്‍ മടക്കി അയച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് സംസ്ഥാനത്തെ തദേശ ഭരണസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. ഗവര്‍ണര്‍ ഫയല്‍ മടക്കിയതോടെ എത്രയും വേഗം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം.

അടുത്ത തദേശ തിരഞ്ഞെടുപ്പിന് മുമ്പ് വാര്‍ഡ് വിഭജനം നടത്താന്‍ ഉദേശിച്ചാണ് സര്‍ക്കാര്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയച്ചത്. എല്ലാ തദേശസ്ഥാപനങ്ങളിലും ചുരുങ്ങിയത് ഒരു വാര്‍ഡ് വീതം കൂടുന്ന രൂപത്തിലായിരിക്കും വിഭജനം. വാര്‍ഡ് വിഭജനത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മീഷന്‍ രൂപീകരിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.