കേരളത്തില്‍ ആക്രിക്കച്ചവടത്തിന്റെ മറവില്‍ ആയിരം കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ്

കേരളത്തില്‍ ആക്രിക്കച്ചവടത്തിന്റെ മറവില്‍ ആയിരം കോടിയിലധികം  രൂപയുടെ നികുതി വെട്ടിപ്പ്

കൊച്ചി:  സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ജിഎസ്ടി വകുപ്പ് നടത്തിയ റെയ്ഡില്‍ ആയിരം കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ്   കണ്ടെത്തി. എറണാകുളം, പാലക്കാട്, തിരുവനന്തപുരം, മലപ്പുറം അടക്കമുള്ള ഏഴ് ജില്ലകളിലെ നൂറിലേറെ ആക്രിക്കച്ചവട കേന്ദ്രങ്ങളിലായിരുന്നു പരിശോധന.

വ്യാജ ബില്ലുകള്‍ ചമച്ചും ഷെല്‍ കമ്പനികള്‍ രൂപീകരിച്ചും കോടികളുടെ വെട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തല്‍. ഓപ്പറേഷന്‍ പാം ട്രീ എന്ന പേരിലാണ് പരിശോധന നടക്കുന്നത്.

മുന്നൂറിലേറെ ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് പരിശോധന നടന്നത്. പ്രാഥമിക പരിശോധനയില്‍ അഞ്ഞൂറ് കോടി രൂപയുടെ വ്യാജ ബില്ലുകള്‍ നിര്‍മിച്ചതായി കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. കഴിഞ്ഞ മാസങ്ങളില്‍ നടന്ന പരിശോധനയിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.

തുടര്‍ന്നാണ് ഒരേസമയം സംസ്ഥാന വ്യാപകമായി പരിശോധന നടത്താനുള്ള തീരുമാനമെടുത്തത്. റെയ്ഡിന് മുന്നോടിയായി മുന്നൂറിലേറെ ഉദ്യോഗസ്ഥര്‍ മൂന്ന് ദിവസം കൊച്ചിയില്‍ ക്യാംപ് ചെയ്തിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ജിഎസ്ടിയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കൂടി ഏകോപനത്തോടെയായിരുന്നു പരിശോധന.

പാലക്കാട് ഓങ്ങല്ലൂരിലെ വിവിധ സ്ഥാപനങ്ങളിലും പരിശോധന നടന്നു. വ്യാജ ജിഎസ്ടി നമ്പര്‍ ഉപയോഗിച്ച് അനധികൃത വില്‍പന നടത്തുന്നതായാണ് കണ്ടെത്തല്‍. മറ്റ് സംസ്ഥാനങ്ങളിലടക്കം ഇവര്‍ നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും പരിശോധനയില്‍ കണ്ടെത്തി. വെട്ടിപ്പ് ആയിരം കോടി രൂപയ്ക്ക് മുകളില്‍ പോകുമെന്നാണ് ജിഎസ്ടി വകുപ്പ് വ്യക്തമാക്കുന്നത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.