'സര്‍ക്കാരിന്റെ പുതിയ മദ്യനയം കേരളത്തെ കുറ്റകൃത്യങ്ങളുടെ താവളമാക്കും'; സീറോ മലബാര്‍സഭ അല്‍മായ ഫോറം

 'സര്‍ക്കാരിന്റെ പുതിയ മദ്യനയം കേരളത്തെ കുറ്റകൃത്യങ്ങളുടെ താവളമാക്കും'; സീറോ മലബാര്‍സഭ അല്‍മായ ഫോറം

കൊച്ചി: കേരളത്തില്‍ എല്ലാ മാസവും ഒന്നാം തിയതിയുള്ള 'ഡ്രൈ ഡേ' മാറ്റണമെന്ന സെക്രട്ടറിതല കമ്മിറ്റിയുടെ ശുപാര്‍ശയുടെ പേരില്‍ നാട്ടില്‍ മദ്യമൊഴുക്കാന്‍ അനുവദിക്കില്ലായെന്ന് സീറോ മലബാര്‍ സഭാ അല്‍മായ ഫോറം. സര്‍ക്കാര്‍ മദ്യനയം തിരുത്തിയില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും അല്‍മായ ഫോറം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നു.

എല്ലാ മാസവും ഒന്നാം തിയതി മദ്യശാല തുറന്നാല്‍ 15,000 കോടിയുടെ വരുമാന വര്‍ധനവ് ഉണ്ടാകുമെന്നാണ് ചീഫ് സെക്രട്ടറി മെയ് 20 ന് വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനം. വില കുറഞ്ഞ-വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പന, മദ്യ ഉല്‍പാദനം പ്രോത്സാഹിപ്പിച്ച് കയറ്റുമതിയിലേക്ക് കൂടുതലായി കടക്കുന്ന കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായിരുന്നു.

മദ്യ ലോബിയുടെ വോട്ട് കൊണ്ടല്ല, സാധാരണ ജനങ്ങളുടെ വോട്ട് വാങ്ങിയാണ് അധികാരത്തിലെത്തിയതെന്ന് സര്‍ക്കാര്‍ ഓര്‍മിക്കണം. വികസനത്തിന്റെ പേരില്‍ സംസ്ഥാനമാകെ മദ്യം ഒഴുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നാട്ടിലുള്ള ജനങ്ങളെയാകെ മദ്യം കുടിപ്പിച്ചു കൊല്ലുന്ന നയത്തില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണം.സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളിലും പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ റെസ്റ്റോറന്റുകളിലും ബീയറും വൈനും വിളമ്പാന്‍ അനുവദിച്ചേക്കുമെന്ന നിര്‍ദേശവും കേരളത്തില്‍ സാമൂഹ്യവിരുദ്ധ ശല്യം വര്‍ധിക്കാന്‍ കാരണമാകും.

സംസ്ഥാന സര്‍ക്കാറിന്റെ പുതിയ മദ്യ നയം കേരളത്തെ കുറ്റകൃത്യങ്ങളുടെ താവളമാക്കും. കേരളത്തിന്റെ വരാന്‍ പോകുന്ന മദ്യനയം കുടുംബ-സാമൂഹിക ഘടനയെ പ്രതികൂലമായി ബാധിക്കുമെന്ന് സെക്രട്ടറിതല ചര്‍ച്ചകള്‍ വിരല്‍ ചൂണ്ടുന്നു.

കേരളത്തില്‍ കുറ്റകൃത്യങ്ങളുടെ ഗ്രാഫ് കുതിച്ചുയരുന്നതിനും സമൂഹത്തെ ധാര്‍മിക അധപതനത്തിലേക്ക് നയിക്കുന്നതിനും മദ്യപാനം പോലെ പങ്ക് വഹിക്കുന്ന മറ്റൊന്നില്ല. സമ്പൂര്‍ണമായ തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ. ശവപ്പെട്ടിയിലെ അവസാനത്തെ ആണിയടിക്കാനുള്ള തയ്യാറെടുപ്പിലാണ് പിണറായി സര്‍ക്കാര്‍.

എട്ട് വര്‍ഷക്കാലത്തെ ഭരണത്തിനിടെ സമ്പദ്‌വ്യവസ്ഥയെ കരകയറ്റാന്‍ ഫലപ്രദമായി യാതൊന്നും ചെയ്യാതെ മദ്യമൊഴുക്കി നികുതിവരുമാനം ഉണ്ടാക്കാമെന്ന ചിന്ത അത്യന്തം വിനാശകരമാണ്. ഇപ്പോഴത്തെ നിലയ്ക്ക് ഇതിനും ചില സാംസ്‌കാരിക നായകന്മാര്‍ കയ്യൊപ്പ് ചാര്‍ത്തും. ഇതിനെതിരെ ജന മനസാക്ഷി ഉണരണം. ഈ അതിക്രമത്തിനെതിരെ പൊതുസമൂഹം ശബ്ദമുയര്‍ത്തണമെന്നും സീറോ മലബാര്‍സഭ അല്‍മായ ഫോറം വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.