കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ നേതൃത്വത്തിലുള്ള എക്സാലോജിക് സൊല്യൂഷന്‍സ് കമ്പനി വിദേശബാങ്ക് അക്കൗണ്ടിലൂടെ കള്ളപ്പണ ഇടപാട് നടത്തിയെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
എസ്.എഫ്.ഐ.ഒ. അന്വേഷണം തുടങ്ങിയതിനാല്‍ ഹര്‍ജി ഇനി പ്രസക്തമല്ലെന്നും പ്രത്യേക നിര്‍ദേശം ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എക്സാലോജിക് സൊല്യൂഷന്‍സ് കമ്പനിക്കുണ്ടായ സാമ്പത്തിക നേട്ടവുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നേരത്തേ നല്‍കിയ ഹര്‍ജിയുടെ അനുബന്ധമായാണ് ഉപഹര്‍ജി നല്‍കിയത്.
അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കില്‍ എക്സാലോജിക് കണ്‍സള്‍ട്ടിങ്, മീഡിയ സിറ്റി, യു.എ.ഇ എന്ന മേല്‍വിലാസത്തിലാണ് വീണയുടെ അക്കൗണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ ടി.യു വീണയും മുന്‍ ഭര്‍ത്താവ് എം.സുനീഷുമാണ് അക്കൗണ്ട് ഉടമകള്‍.
കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട ഇടപാടുകളുടെ പണവും അക്കൗണ്ടിലെത്തിയതായി സംശയിക്കുന്നുവെന്ന ആരോപണവും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഷോണ്‍ ഉന്നയിച്ചിരുന്നു.
2018 ഡിസംബര്‍ ഒന്നിന് പി.ഡബ്ല്യൂ.സി കമ്പനിയുമായി കരാര്‍ ഒപ്പിട്ടു. 2020 ല്‍ കരാറിന്റെ കാലാവധി കഴിയുന്നതു വരെ അക്കൗണ്ടില്‍ പണമെത്തി. അക്കൗണ്ടില്‍ നിന്ന് പിന്നീട് അമേരിക്കന്‍ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയെന്നും കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍ ഉള്‍പ്പടെയുള്ളവയില്‍ നിന്ന് ലഭിച്ച പണവുമായി ഇതിന് ബന്ധമുണ്ടെന്നും ഷോണ്‍ ആരോപിക്കുന്നു.