കൊച്ചി: വിമാന കമ്പനി ജീവനക്കാരുടെ സ്വര്‍ണക്കടത്തില്‍ അന്വേഷണം നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിച്ച് ഡിആര്‍ഐ. എയര്‍ ഹോസ്റ്റസുമാരെ ഉപയോഗിച്ച് 10 വര്‍ഷത്തിനിടെ 30 കിലോ സ്വര്‍ണം ഇന്ത്യ സീനിയര്‍ ക്യാമ്പിന്‍ ക്രൂ സുഹൈല്‍ താനലോട് കടത്തിയതായി കണ്ടെത്തി. ഒരു തവണ സ്വര്‍ണം കടത്തുന്നതിന് രണ്ട് ലക്ഷം രൂപയാണ് പ്രതിഫലം.
എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സീനിയര്‍ ക്യാമ്പിന്‍ ക്രൂ ആയ സുഹൈലിനെ സ്വര്‍ണ കടത്തിന് സഹായിച്ചതില്‍ അഞ്ച് എയര്‍ഹോസ്റ്റസുമാരുണ്ടെന്ന് ഡിആര്‍ഐയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സുഹൈലിനെ സഹായിക്കാതിരുന്നതിനെ തുടര്‍ന്ന് ജോലി ഉപേക്ഷിക്കേണ്ടി വന്ന എയര്‍ ഹോസ്റ്റസാണ് ഡിആര്‍ഐയ്ക്ക് സ്വര്‍ണകടത്തിനെ കുറിച്ചുള്ള വിവരം കൈമാറിയത്.
കണ്ണൂരുലെത്തിക്കുന്ന സ്വര്‍ണം കൈമാറിയിരുന്നത് കൊടുവള്ളി സംഘത്തിനായിരുന്നു. നെടുമ്പാശേരി, തിരുവനന്തപുരം വിമാനതാവളങ്ങള്‍ കേന്ദ്രീകരിച്ചും ഇവര്‍ സ്വര്‍ണകടത്ത് നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ഒരു തവണ സ്വര്‍ണം കടത്തുമ്പോള്‍ ലഭിക്കുന്നത് 2 ലക്ഷം രൂപയെന്ന് സുഹൈല്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ 50,000 രൂപ എയര്‍ ഹോസ്റ്റസുമാര്‍ക്ക് നല്‍കും. ശേഷിക്കുന്ന തുക താനെടുക്കും എന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. സ്വര്‍ണത്തിന് പുറമേ പ്രതികള്‍ ഫോറിന്‍ കറന്‍സിയും കടത്തിയിരുന്നു. കടത്തികൊണ്ട് വരുന്ന സ്വര്‍ണം എയര്‍ഹോസ്റ്റ്‌സുമാരുടെ ഫ്‌ളാറ്റിലെത്തിയാണ് സുഹൈല്‍ കൈപ്പറ്റിയിരുന്നത്.