കുരുന്നുകള്‍ സ്‌കൂളിലേക്ക്: പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം; പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയില്‍

 കുരുന്നുകള്‍ സ്‌കൂളിലേക്ക്: പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം; പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയില്‍

തിരുവനന്തപുരം: മധ്യവേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇന്ന് തുറക്കും. 2,44,646 കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം നുകരാന്‍ ഒന്നാം ക്ലാസുകളിലേക്ക് എത്തും. എല്ലാ സ്‌കൂളിലും പ്രവേശനോത്സവത്തോടെയാണ് കുട്ടികളെ വരവേല്‍ക്കുന്നത്.

പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ ആകെ 39,94,944 വിദ്യാര്‍ത്ഥികള്‍. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് എറണാകുളം എളമക്കര ഗവ. ഹൈസ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലുള്ള അധ്യാപക പരിശീലനവും എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തിലെ മാറ്റവും ഈ വര്‍ഷത്തെ പ്രത്യേകതയാണ്.

സ്‌കൂള്‍ സൗകര്യങ്ങളും പഠനനിലവാരവും വര്‍ധിപ്പിക്കാന്‍ വിവിധ പരിപാടികള്‍ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പാഠപുസ്തകമടക്കം വിതരണം പൂര്‍ത്തിയായി. എല്‍.പി, യു.പി സ്‌കൂളുകളിലെ ഒമ്പത് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോമിന്റെ വിതരണവും അന്തിമഘട്ടത്തിലാണ്.

കമ്പ്യൂട്ടര്‍ സംവിധാനങ്ങളുടെ സഹായത്തോടെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയ ആദ്യ സംസ്ഥാനമാണ് കേരളം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) പരിശീലനം 80,000 ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് നല്‍കിയെന്നും മന്ത്രി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.